വെട്ടത്തുനാടിനെ ഇളക്കിമറിച്ച് വിഎസിന്റെ പടയോട്ടം

vs at tirurതിരൂര്‍ : ലേക്‌സഭാ തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ അവസാന നാളുകളില്‍ മലപ്പുറത്തിന്റെ മണ്ണില്‍ ഇടതുമുന്നണിയുടെ തേര് തെളിയിക്കാന്‍ വിഎസ് അച്യുതാനന്ദന്‍ തന്നെ നേരിട്ട് എത്തിയപ്പോള്‍ ആവേശ കടല്‍ത്തീര്‍ത്ത് പ്രവര്‍ത്തകരുടെയും, നാട്ടുകാരുടെയും സ്‌നേഹ സ്വീകരണം. പൊന്നാനി മണ്ഡലത്തിലെ ഇത്തവണത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് സമ്മേളനത്തിനാണ് ഞായറാഴ്ച വൈകീട്ട് തിരൂര്‍ താഴെപ്പാലം മുന്‍സിപ്പല്‍ സ്റ്റേഡിയം വേദിയായത്. വൈകീട്ട് നാലുമണിയോടെ തന്നെ സ്ത്രീകളും, കുട്ടികളുമടക്കം ആയിരങ്ങള്‍ സമ്മേളന സ്ഥലത്തേക്ക് ഒഴുകിയെത്തിയിരുന്നു. വിഎസിന്റെ വാഹനം പൊതുയോഗ വേദിയില്‍ എത്തുമ്പോള്‍ സമ്മേളനവേദിയാകെ മുദ്രാവാക്യങ്ങളാല്‍ മുഖരിതാമായി.

സ്വതസിദ്ധമായ ശൈലിയില്‍ വിഎസ് കത്തികയറിയപ്പോള്‍ നിലക്കാത്ത കയ്യടിയുമായി ജനം അതേറ്റു വാങ്ങി. രാജ്യരക്ഷയുടെ കാര്യത്തില്‍ ആന്റണിയെ വിമര്‍ശിച്ചും ന്യൂനപക്ഷ സംരക്ഷണത്തിന് ഇടതുപക്ഷത്തിന്റെ പങ്കിനെ കുറിച്ച് ഓര്‍മിപ്പിച്ചും വിഎസ് പ്രസംഗിച്ച് മുന്നേറി. തുടര്‍ന്ന് ഇടതു സ്വതന്ത്ര സ്ഥാനാര്‍ത്ഥി അബ്ദുറഹ്മാന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് അടുത്ത സ്വീകരണസ്ഥലമായ പൊന്നാനിയിലേക്ക് നീങ്ങി.

മുന്‍മന്ത്രി പാലോളി മുഹമ്മദ്കുട്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കെടി ജലീല്‍ എംഎല്‍എ, സ്ഥാനാര്‍ത്ഥി വി അബ്ദുറഹ്മാന്‍, ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഉമ്പായിയുടെ ഗസല്‍ സന്ധ്യയും അരങ്ങേറി.