തിരൂരില്‍ യുവതിയുടെ ആത്മഹത്യ;സിദ്ധന്‍ അറസ്‌റ്റില്‍

Untitled-1 copyതിരൂര്‍: യുവതി ആത്മഹത്യ ചെയത സംഭവത്തില്‍ സിദ്ധനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. തലക്കടത്തൂര്‍ സ്വദേശിനി കോടതിയില്‍ കുഞ്ഞീന്റെ മകള്‍ ജസീന ആത്മഹത്യ ചെയ്‌ത സംഭവുമായി ബന്ധപ്പെട്ട്‌ പുറത്തൂര്‍ കളൂര്‍ ശിഹാബുദ്ദീനാ(35)ണ്‌ അറസ്റ്റിലായിരിക്കുന്നത്‌. നിരവധി തട്ടിപ്പുകേസുകളില്‍ പ്രതിയായ ഇയാളെ ഗുണ്ടാ ആക്ടില്‍ ഉള്‍പ്പെടുത്തുമെന്ന്‌ പോലീസ്‌ പറഞ്ഞു.

കേസിനെ തുടര്‍ന്ന്‌ ഒളിവിലായിരുന്ന പ്രതിയെ നാട്ടുകാര്‍ താനൂര്‍ പൂരപ്പുഴയ്‌ക്ക്‌ സമീപത്തെ ലോഡ്‌ജില്‍ നിന്നും പിടികൂടി തിരൂര്‍ പോലീസിന്‌ കൈമാറുകയായിരുന്നു. നാട്ടുകാര്‍ മര്‍ദ്ദിച്ചെന്നാരോപിച്ച്‌ പ്രതിയെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ 13 നാണ്‌ യുവതി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്‌. യുവതിയില്‍ നിന്നും മന്ത്രവാദത്തിന്റെ പേരു പറഞ്ഞ്‌ പ്രതി സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തിരുന്നു. ആഭരണങ്ങള്‍ തിരികെ ചോദിക്കുമ്പോള്‍ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിലുള്ള മാനസിക പ്രശ്‌നത്തെ തുടര്‍ന്നാണ്‌ യുവതി ആത്മഹത്യ ചെയ്യാന്‍ കാരണമായതെന്നാണ്‌ പോലീസ്‌ പറയുന്നത്‌. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ്‌ അറസ്റ്റ്‌ ചെയ്‌തിരിക്കുന്നത്‌.

പുറത്തൂര്‍, ചമ്രവട്ടം, കല്‍പ്പകഞ്ചേരി, താനൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സിദ്ധന്‍ ചമഞ്ഞ്‌ ഇയാള്‍ തട്ടിപ്പു നടത്തിയിട്ടുണ്ട്‌. സ്‌ത്രീകളില്‍ നിന്ന്‌ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കലാണ്‌ ഇയാളുടെ പതിവ്‌. നേരത്തെ രണ്ട്‌ തവണയായി തിരൂര്‍ പോലീസ്‌ അറസ്‌റ്റുചെയ്‌ത്‌ ജാമ്യത്തിലിറങ്ങിയിരുന്നു.