തിരൂരിലെ സ്റ്റേഡിയം നിര്‍മാണം പുനരാരംഭിച്ചു

Story dated:Friday November 27th, 2015,03 58:pm
sameeksha sameeksha

tirur-studiumതിരൂര്‍: വിവാദങ്ങള്‍ക്കൊടുവില്‍ തിരൂര്‍ രാജീവ്‌ഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയം നവീകരണം പുനരാരംഭിച്ചു.

സി.മമ്മുട്ടി എംഎല്‍യുടെ വികസനഫണ്ടില്‍ നിന്ന്‌ നാലരക്കോടി രൂപ ഉപയോഗിച്ച്‌ സ്‌റ്റേഡിയം നവീകരണ ജോലികള്‍ നഗരസഭയുടെ ഇടപെടലിനെത്തുടര്‍ന്ന്‌ നിര്‍ത്തിവെച്ചിരുന്നു. പ്ലാനിലെ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ്‌ നിര്‍മാണമെന്നു ചൂണ്ടിക്കാട്ടിയാണ്‌ നഗരസഭ എന്‍ജിനിയറിങ്‌ വിഭാഗം ഇടപെട്ട്‌ പണി നിര്‍ത്തിവെപ്പിച്ചത്‌. എന്നാല്‍ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ്‌ നിര്‍മ്മാണമെന്ന്‌ രേഖകള്‍ സഹിതം കരാറുകാര്‍ തെളിവു നല്‍കി.

നഗരസഭയ്‌ക്ക്‌ പൂര്‍ണ സമ്മതമുണ്ടെങ്കിലെ നിര്‍മ്മാണം പുനരാരംഭിക്കുകയുള്ളുവെന്നും അല്ലാത്തപക്ഷം ഫണ്ട്‌ മറ്റിടങ്ങളിലെ വികസനത്തിന്‌ ഉപയോഗിക്കുമെന്നും എംഎല്‍എ അറിയിച്ചു. തുടര്‍ന്ന്‌ എംഎല്‍എ, നഗരസഭാധ്യക്ഷന്‍ എസ്‌ ഗിരീഷ്‌ എന്നിവര്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന്‌ നിര്‍മ്മാണത്തിന്‌ എതിര്‍പ്പില്ലെന്ന്‌ അറിയിച്ച്‌ നഗരസഭാ ചെയര്‍മാന്‍ എംഎല്‍എയ്‌ക്ക്‌ കത്തു നല്‍കി.

തുടര്‍ന്ന്‌ സി മമ്മുട്ടി എംഎല്‍എ നിര്‍മാണ കരാര്‍ ഏറ്റെടുത്തു നടത്തുന്ന പൊതുമേഖലാ സ്ഥാപനമായ സില്‍ക്ക്‌ അധികൃതരുമായി ബന്ധപ്പെട്ട്‌ സ്റ്റേഡിയം നിര്‍മാണം പുനരാരംഭിക്കാന്‍ ആവശ്യപ്പെട്ടു.

ഇതോടെ മൂന്ന്‌ ദിവസമായി നിര്‍ത്തിവെച്ച സ്‌റ്റേഡിയം നിര്‍മ്മാണം പനരാരംഭിച്ചു. നഗരസഭാ ചെയര്‍മാന്‍ ആവശ്യപ്പെട്ടപ്രകാരം സ്‌റ്റേഡിയത്തില്‍ ഡ്രൈനേജ്‌ നിര്‍മിക്കുന്നതിന്‌ 15 ലക്ഷം രൂപ കൂടി സി മമ്മുട്ടി എംഎല്‍എ അനുവദിച്ചു. ഫെബ്രുവരി ആദ്യവാരത്തില്‍ പണി പൂര്‍ത്തിയാക്കുന്ന തരത്തിലാണ്‌ നിര്‍മ്മാണം നടക്കുന്നത്‌.