തിരൂരില്‍ സ്‌കൂള്‍ ബസിന്റെ റേഡിയേറ്റല്‍ പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പൊള്ളലേറ്റു

തിരൂര്‍ : സ്‌കൂള്‍ ബസിന്റെ റേഡിയേറ്റല്‍ പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പൊള്ളലേറ്റു. ഇവര്‍ക്ക് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷനല്‍കി. ആലത്തിയൂര്‍ മലബാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് പൊള്ളലേറ്റത്.

വ്യാഴാഴ്ച രാവിലെ 9.30ന് ബിപി അങ്ങാടിയിലാണ് സംഭവം. സ്കൂളിലേക്ക് വിദ്യാര്‍ഥികളുമായി പോകുന്നതിനിടെ റേഡിയേറ്റര്‍ പൊട്ടിത്തെറിച്ച് ചൂടുവെള്ളം വിദ്യാര്‍ഥികളുടെ ദേഹത്തേക്ക് തെറിക്കുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ക്കെതിരെ തിരൂര്‍ മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തു. സ്കൂള്‍ വാഹനത്തിന് പെര്‍മിറ്റ് അടക്കമുള്ളവ ഉണ്ടായിരുന്നില്ലെന്നും നടപടി സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും തിരൂര്‍ ജോ. ആര്‍ടിഒ ടി കെ ഹരിദാസന്‍ പറഞ്ഞു.
സ്കൂള്‍ തുറക്കുന്നതിന് മുമ്പായി എല്ലാ സ്കൂള്‍ വാഹനങ്ങളും മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധനക്ക് വിധേയമാക്കുകയും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തിരുന്നു. വരും ദിവസങ്ങളില്‍ ശക്തമായ നടപടിയെടുക്കാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം.