ആലത്തിയൂരില്‍ സംഘര്‍ഷം; രണ്ടുപേര്‍ റിമാന്‍ഡില്‍

തിരൂര്‍: ആലത്തിയൂരില്‍ ആര്‍എസ്എസ് സംഘം സിപിഐഎം പ്രവര്‍ത്തകന്റെ വീടാക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. വായനാശാലയും ഒരു ഓട്ടോറിക്ഷയും സംഘം തകര്‍ത്തു. സംഭവസ്ഥലത്തെത്തിയ തിരൂര്‍ എസ്‌ഐയെ വാളുകളും ദണ്ഡും ഉയര്‍ത്തി ഭീഷണിപ്പെട്ടുത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ തിരൂര്‍ പോലീസ് അറസ്റ്റു ചെയ്തു.

തലക്കാട് മാങ്ങാട്ടിരി സ്വദേശികളായ അറോട്ടില്‍ അഖില്‍(25), പൂക്കയില്‍ വീട്ടില്‍ രൂപല്‍(28) എന്നിവരെയാണ് തിരൂര്‍ എസ്‌ഐ രവി സന്തോഷും സംഘവും അറസ്റ്റ് ചെയ്തത്. പ്രതികളെ 14 ദിവസത്തേക്ക് റിമന്‍ഡ് ചെയ്തു.

വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് ആലത്തിയൂര്‍, പാറശേരി, പൂഴിക്കുന്ന്, തലൂക്കര മേഖലകളില്‍ അക്രമപരമ്പര നടന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ആലത്തിയൂര്‍, പാറശേരി മേഖലകളില്‍ ആര്‍എസ്എസ് ആക്രമണ പരമ്പര നാട്ടുകാരില്‍ ഭീതിയുയര്‍ത്തുകയാണ്.