എലിപ്പനി: ആരോഗ്യ വകുപ്പ്‌ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി

metromasti_photosതിരൂര്‍: എലിപ്പനി റിപ്പോര്‍ട്ട്‌ ചെയ്‌ത തിരൂരില്‍ ആരോഗ്യ വകുപ്പ്‌ ജില്ലാ സംഘം പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. ഒരു മരണമുണ്ടായത്‌ കൂടാതെ അഞ്ച്‌ പേര്‍ക്ക്‌ ഇവിടെ രോഗം സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ ജില്ലാ ആശുപത്രി സമ്മേളന ഹാളില്‍ പ്രത്യേക യോഗം ചേര്‍ന്ന്‌ ഫീല്‍ഡ്‌ ജീവനക്കാര്‍ക്ക്‌ പരിശീലനവും കര്‍മപദ്ധതിയും തയ്യാറാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന്‌ നോര്‍ത്ത്‌-സൗത്ത്‌ അന്നാരയിലെ 27,35,38 വാര്‍ഡുകളില്‍ ഫീല്‍ഡ്‌ ജീവനക്കാരും ആശാ പ്രവര്‍ത്തകരുമായ 30 പേരടങ്ങുന്ന ആറ്‌ സംഘത്തെ രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചിട്ടുണ്ട്‌. സംഘത്തിന്റെ നേതൃത്വത്തില്‍ രോഗബാധിത പ്രദേശത്തെ 3000 വീടുകള്‍ സന്ദര്‍ശിച്ച്‌ പ്രതിരോധമരുന്നായ 10000 ഡോക്‌സിസൈക്ലിന്‍ ഗുളികകള്‍ വിതരണം ചെയ്‌തു. ജലസ്രോതസ്സുകള്‍ അണുവിമുക്തമാക്കാന്‍ ക്ലോറിനെറ്റ്‌ ചെയ്യുന്നുണ്ട്‌.
നഗരസഭയുടെ സഹകരണത്തോടെ എലി നശീകരണം നടത്താന്‍ തീരുമാനിച്ചു. പൊതുഓടകളില്‍ കുമ്മായം വിതറുന്നതിന്‌ നഗരസഭകള്‍ക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. തിരൂര്‍ എന്‍.എസ്‌.എസ്‌. ഇംഗ്ലീഷ്‌ മീഡിയം ഹൈസ്‌കൂളിലെ വിദ്യാര്‍ഥി കൂട്ടായ്‌മയിലൂടെ വീടുകളിലേക്ക്‌ രോഗപ്രതിരോധ സന്ദേശം എത്തിക്കും. ‘എലിപ്പനി -അറിവിലേയ്‌ക്ക്‌ അല്‍പം’ ലഘുലേഖ 5000 എണ്ണം വിതരണം ചെയ്‌തു. ഡെ. ഡി.എം.ഒ. ഡോ. കെ. എം. നൂനമര്‍ജ, ആരോഗ്യ കേരളം ഡി.പി.എം. ഡോ വി.വിനോദ്‌, ഡെ. മാസ്‌ മീഡിയ ഓഫീസര്‍ കെ.പി. സാദിഖ്‌ അലി, എപ്പിഡമോളജിസ്റ്റ്‌ ഡി.കിരണ്‍രാജ്‌, ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌റ്റര്‍ കെ.എ. ജയരാജ്‌, പി.ആര്‍.ഒ. അനിത, റ്റി.ബി. വിജീഷ്‌കുമാര്‍, കെ. സുന്ദരന്‍ എന്നിവരാണ്‌ ജില്ലാ സംഘത്തിലുണ്ടായിരുന്നത്‌. രോഗാണുവിന്റെ സാന്നിധ്യമുണ്ടോയെന്നറിയാന്‍ രോഗബാധിത പ്രദേശത്ത്‌ നിന്നും മണ്ണിന്റെ സാംപിള്‍ ശേഖരിച്ച്‌ മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക്‌ അയച്ചിട്ടുണ്ടെന്ന്‌ ഡി.എം.ഒ. ഡോ. ഉമ്മര്‍ ഫാറൂഖ്‌ അറിയിച്ചു.