എം.ടി. മലയാളിയുടെ അഭിമാനം- മുഖ്യമന്ത്രി

THAKAZHI AWARD-4തിരൂര്‍:തകഴി സ്‌മാരകത്തിന്റെ സഹകരണത്തോടെ സാംസ്‌ക്കാരിക വകുപ്പ്‌ ഏര്‍പ്പെടുത്തിയ തകഴി പുരസ്‌കാരം മലയാളത്തിന്റെ ഇതിഹാസ കഥാകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ക്ക്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമ്മാനിച്ചു. ഭാഷാപിതാവിന്റെ സ്‌മരണകള്‍ തുടിക്കുന്ന തിരൂര്‍ തുഞ്ചത്ത്‌ എഴുത്തച്ചന്‍ സ്‌മാരകത്തില്‍ നടന്ന പരിപാടിയില്‍ മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്‌ക്കുള്ള കീര്‍ത്തി പത്രവും ശില്‌പവും അര ലക്ഷം അവാര്‍ഡ്‌ തുകയും എം.ടി. ഏറ്റുവാങ്ങി. സാംസ്‌ക്കാരിക വകുപ്പ്‌ മന്ത്രി കെ.സി. ജോസഫ്‌ അധ്യക്ഷനായി.
മലയാളത്തില്‍ എക്കാലവും ഓര്‍മിക്കപ്പെടുന്ന പ്രതിഭയായ തകഴിയുടെ പേരിലുള്ള പുരസ്‌കാരം എം.ടി. വാസുദേവന്‍ നായര്‍ക്ക്‌ നല്‍കുന്നതില്‍ അഭിമാനമുണ്ടെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ലോകമെങ്ങുമുള്ള മലയാളികളുടെ അഭിമാനം ഉയര്‍ത്തി മലയാളത്തിന്‌ ശ്രേഷ്‌ട ഭാഷാ പദവി ലഭിച്ചതില്‍ ജ്ഞാന പീഠം ജേതാക്കളായ തകഴിച്ചേട്ടനും എം.ടിക്കും വലിയ പങ്കുണ്ടെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. തുഞ്ചന്‍പറമ്പിനെ ഇന്നത്തെ അഭിമാനകരമായ അവസ്ഥയിലെത്തിച്ചതിനും മലയാള സര്‍വകലാശാലയുടെ ആസ്ഥാനം തിരൂര്‍ ആക്കുന്നതിനും പിന്നില്‍ എം.ടി.യുടെ കരസ്‌പര്‍ശം വലുതാണെന്നും അദ്ദേഹം പറഞ്ഞു. എം.ടി.ക്ക്‌ പുരസ്‌കാരം സമ്മാനിക്കുന്നതിലൂടെ തകഴി പുരസ്‌കാരത്തിന്റെ ഔന്നത്യം വര്‍ധിക്കുകയാണെന്ന്‌ അധ്യക്ഷ പ്രസംഗത്തില്‍ സാംസ്‌ക്കാരിക വകുപ്പ്‌ മന്ത്രി കെ.സി. ജോസഫ്‌ പറഞ്ഞു.
എം.ടി.യെ ഗൗരവക്കാരനും അധികം ചിരിക്കാത്തവനുമെന്ന്‌ ആക്ഷേപിക്കുന്നവരുണ്ടെന്നും എന്നാല്‍, പൂര്‍വികരായ അക്ഷര ശില്‌പികളോട്‌ ഇത്രയേറെ ആദരവും ബഹുമാനവും കടപ്പാടും കാണിക്കുന്ന മറ്റൊരാള്‍ എം.ടി. വാസുദേവന്‍ നായരെ പോലെ ഇല്ലെന്നും മുഖ്യപ്രഭാഷണം നടത്തിയ മലയാള സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ കെ. ജയകുമാര്‍ പറഞ്ഞു. കെ.പി. രാമനുണ്ണി തകഴി അനുസ്‌മരണ പ്രഭാഷണം നടത്തി. സി.മമ്മുട്ടി എം.എല്‍.എ., ആലങ്കോട്‌ ലീലാകൃഷ്‌ണന്‍, തകഴിയുടെ മകള്‍ കനകം, ചെറുമകള്‍ ഉഷ, തകഴി സ്‌മാരകം ചെയര്‍മാന്‍ പ്രൊഫ. തകഴി ശങ്കരനാരായണന്‍, സെക്രട്ടറി ദേവദത്ത്‌ ജി.പുറക്കാട്‌ തുടങ്ങിയവര്‍ സംസാരിച്ചു.