തിരൂരില്‍ കാമുകിക്കായി മൊബൈല്‍ മോഷ്ടിച്ചയാള്‍ പിടിയില്‍

തിരൂര്‍ :കാമുകിക്ക് പിറന്നാള്‍ സമ്മാനം നല്‍കാനായി മൊബൈല്‍ ഷോപ്പ് കുത്തിത്തുറന്ന് ഫോണുകള്‍ മോഷ്ടിച്ച അസം സ്വദേശി പിടിയില്‍. തിരൂര്‍ പോലീസാണ് നാട്ടിലേക്ക് മടങ്ങിയ ഇയാളെ തന്ത്രപൂര്‍വ്വം തിരികെ കൊണ്ടുവന്ന് അറസ്റ്റ് ചെയ്തത്.

അസം ഗോലകത്ത് ജില്ലയിലെ ലോറന്‍സ് ടോപ്പി(27)നെയാണ് തിരൂര്‍ എസ്‌ഐയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. മംഗലത്തെ മൊബൈല്‍ കടയില്‍ നിന്നാണ് കഴിഞ്ഞ മൂന്നാം തിയ്യതി ഇയാള്‍ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചത്. മോഷ്ടിച്ച മൊബൈല്‍ ഫോണുകളില്‍ വിലകൂടിയ മൂന്നെണ്ണം ഇയാള്‍ തന്റെ എറണാകുളത്തുള്ള കാമുകിക്ക് പിറന്നാള്‍ സമ്മാനമായി നല്‍കുകയായിരുന്നത്രെ. ഒരു മൊബൈല്‍ മംഗലത്ത് വില്‍പ്പനനടത്തുകയും ബാക്കിയുള്ളവയുമായി നാട്ടിലേക്ക് മുങ്ങുകയുമായിരുന്നു.

സംഭവത്തെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ സിസിടിവിയില്‍ നിന്ന് മോഷ്ടാവിന്റെ ദൃശ്യം ലഭിച്ചു. ഇയാള്‍ മംഗലം ചേന്നരയില്‍ നിര്‍മ്മാണ തൊഴിലാളിയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് പ്രതിയെ തിരൂരില്‍ തിരിച്ചെത്തിക്കാന്‍ പോലീസ് ശ്രമം തുടങ്ങുകയായിരുന്നു. പണം നല്‍കാനുള്ള സുഹൃത്തിനെ ഉപയോഗിച്ച് ഇയാളെ തന്ത്രപരമായി കുറ്റിപ്പുറത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

ഇയാള്‍ മോഷ്ടിച്ച മൊബൈല്‍ ഫോണുകളും അനുബന്ധ വസ്തുക്കളും പോലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.