തിരൂരില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിന് തീയിട്ടു: പതിനാറുകാരിക്ക് പൊള്ളലേറ്റു

തിരൂര്‍:  തിരൂര്‍ കൂട്ടായില്‍ സിപിഐഎം പ്രവര്‍ത്തകന്റെ വീട് അര്‍ദ്ധരാത്രിയില്‍ മണ്ണണ്ണയൊഴിച്ച് തീയിട്ടു. വീട്ടില്‍ ഉറങ്ങിക്കിടന്ന പതിനാറു വയസ്സുകാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. കൂട്ടായി കുറിയന്റെ പുരക്കല്‍ സൈനുദ്ദീന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.

പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ആക്രമണമുണ്ടായത്. 40 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നേരത്തേ സിപിഎം മുസ്ലീംലീഗ് സംഘര്‍ഷം നിന്നിരുന്ന മേഖലയാണിത്. അക്കാലത്ത് ഈ വീടിന് നേരെ ആക്രമണമുണ്ടാകുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും മോഷണം നടക്കുകയും ചെയ്തിരുന്നു.

ഈ മേഖലയില്‍ സംഘര്‍ഷം തുടര്‍ക്കഥയായതോടെ എംഎല്‍എമാരും രാഷ്ട്രീയപാര്‍ട്ടി നേതൃത്വവും നേരിട്ടിടപെട്ട് സമാധാനം യോഗം വിളിച്ച് ചേര്‍ത്ത് പ്രശനങ്ങള്‍ പരിഹരിച്ചിരുന്നു.

സമാധാനകമ്മറ്റികള്‍ ഇവിടെ പ്രവര്‍ത്തിച്ചുവരുകയും ചെയ്യുന്നുണ്ട്.
സമാധാനന്തരീക്ഷം തകരാതിരിക്കാന്‍ സ്ഥലത്ത് കനത്ത പോലീസ് സന്നാഹം വിന്യസിച്ചിട്ടുണ്ട്. ആക്രമണത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.