തിരൂരില്‍ യുവാവിനെയും മാതാവിനെയും വീട്ടില്‍ കയറി വെട്ടി

തിരൂര്‍ : പറവണ്ണയില്‍ യുവാവിനെയും മാതാവിനെയും ഗുണ്ടാസംഘം വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. പറവണ്ണ ആലിന്‍ചുവട് പള്ളിപറമ്പില്‍ ഉമ്മുട്ടി (60), മകന്‍ ഷെമീര്‍ (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി പത്തോടെയാണ് സംഭവം. ഷെമീറുമായി ഗുണ്ടാ സംഘം വാക് തര്‍ക്കമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് തേക്കിന്റെപുരക്കല്‍ ഹര്‍ഷാദിന്റെ നേതൃത്വത്തില്‍ ഗുണ്ടാസംഘം ഷെമീറിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി വാളുകൊണ്ട് വെട്ടുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഷെമീറിനെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ തിരൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.