തിരൂരില്‍ ഹോട്ടല്‍ ഭക്ഷണം കഴിച്ച് 5പേര്‍ അവശനിലയില്‍

തിരൂര്‍: ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ജീവനക്കാരനുള്‍പ്പെടെ അഞ്ചുപേരെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരൂര്‍ പാന്‍ബസാറിലെ ഫ്രൈ ഡേയ്‌സ് ഹോട്ടലില്‍ നിന്ന് ഊണുകഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

തലക്കാട് തെക്കന്‍കുറ്റൂര്‍ സ്വദേശി മധുസൂദനന്‍(31), എറണാകുളം സ്വദേശി റജി(41), കണ്ണൂര്‍ സ്വദേശി , വാക്കാട് നിസാര്‍(23), ഹോട്ടല്‍ തൊഴിലാളിയായ അസം സ്വദേശി മുഹമ്മദ് ഹക്കീം (24)എന്നിവര്‍ക്കാണ് വിഷബാധയേറ്റത്.

ഊണിനോടൊപ്പം ഇവര്‍ കഴിച്ച അവിയലാണ് വിഷബാധയുണ്ടാക്കാന്‍ ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. നഗരസഭാ ആരോഗ്യവകുപ്പ് ജീവനക്കാരും ഭക്ഷ്യസുരക്ഷാ ജീവനക്കാരും പരിശോധനയ്‌ക്കെത്തിയെങ്കിലും ഹോട്ടലിനുള്ളില്‍ കയറാന്‍ അനുവദിക്കാത്തത് ബഹളത്തിനിടയാക്കി. ഇതോടെ നാട്ടുകാര്‍ തടിച്ചുകൂടുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ ഹോട്ടലിന്റെ അകത്തുകയറി ഹോട്ടല്‍ അടച്ചിടാന്‍ നിര്‍ദേശം നല്‍കി.