തിരൂര്‍ ജില്ലാ ആശുപത്രി വികസനത്തിന് സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും;സി. മമ്മുട്ടി എം.എല്‍.എ

തിരൂര്‍;ജില്ലാ ആശുപത്രിക്ക് ഏറ്റവും ആധുനിക സൗകര്യത്തോടെയുള്ള കെട്ടിടം പണിയുന്നതിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് സി.മമ്മുട്ടി എം.എല്‍. പറഞ്ഞു. ഇതിനാവിശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി. അനുയോജ്യമായ കണ്‍സള്‍ട്ടിനെ കണ്ട് എത്രയും വേഗം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം. ആശുപത്രിയുടെ വികസനവമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.എല്‍.എ.

തിരൂര്‍ ആശുപത്രി അനുയോജ്യമായ വാര്‍ഡുകളെ ഉള്‍പ്പെടുത്തി സെന്ററലൈസഡ് എ.സി.സ്ഥാപിക്കും. ഇതിനാവശ്യമായ ഫണ്ട് എം.എല്‍.എയുടെ ആസ്ഥിവികസന ഫണ്ടില്‍ നിന്നും വകയിരുത്തും. പദ്ധതിയുടെ ആവിശ്യത്തിനായി ആശുപത്രയുടെ മുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കും. 38 കോടി ചെലവിട്ട് ജില്ലാ ആശുപത്രിയില്‍ നിര്‍മ്മിക്കുന്ന ആധുനിക ഒങ്കോളജി (ക്യാന്‍സര്‍ വാര്‍ഡ്) വാര്‍ഡിന്റെ നിര്‍മ്മാണം 15 ദിവസത്തിനകം തുടങ്ങുന്നതിനും യോഗത്തില്‍ തീരുമാനമായി. പ്രസവ വാര്‍ഡ് പുതുക്കി നിര്‍മ്മിക്കുന്നത് വരെ താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്നതിന് അമ്മമാരുടെയും കുട്ടികളുടെയും വാര്‍ഡിലേക്ക് ഇത് മാറ്റും. ഇതിനായി ഡി.എം.യുടെ അനുമതി ആവിശ്യപ്പെടും. ഹൈടെന്‍ഷന്‍ വൈദ്യതി എത്തിക്കുന്നതിന് കെ.എസ്.ഇ.ബി പ്ലാന്‍ തയ്യാറാക്കും. ആശുപത്രിയിലെ വൈദ്യുതി വിതരണം ക്രമീകരിക്കുന്നതിന് പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കാന്‍ ഇലക്ട്രിക്കല്‍ വിഭാഗത്തിനോടും നിര്‍ദ്ദേശിച്ചു.

കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ അമിത് മീണ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ആലിക്കോയ, ഡെപ്യുട്ടി കലക്ടര്‍ സി.രാമചന്ദ്രന്‍, ആശുപത്രി സൂപ്രണ്ട് മൃദുലാല്‍.എ തുടങ്ങിയവര്‍ പങ്കെടുത്തു.