തിരൂരില്‍ മധ്യമപ്രവര്‍ത്തകരെ ആര്‍എസ്എസുകാര്‍ മര്‍ദിച്ചു

 

തിരൂര്‍:കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ തെളിവെടുപ്പ് നടത്തുന്നത് പകര്‍ത്താനെത്തിയ മാധ്യമപ്രവര്‍ത്തകരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചു. കേസിലെ മുഖ്യപ്രതി പുല്ലൂണി കരാട്ട് കടവ് പ്രജീഷ് എന്ന ബാബുവിന്റെ വീട്ടില്‍ തെളിവടുപ്പിനെത്തിയപ്പോഴാണ് മാധ്യമ പ്രര്‍ത്തകര്‍ക്കുനേരെ വധഭീഷണി മുഴക്കിയത്. ദേശാഭിമാനി തിരൂര്‍ ലേഖകന്‍ വിനോദ് തലപ്പള്ളി (42), തുഞ്ചന്‍വിഷന്‍ ക്യാമറാമാന്‍ കാളാട് സ്വദേശി മുഹമ്മദ് ഷബീര്‍ (25) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ദൃശ്യം പകര്‍ത്തിയാല്‍ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ഷബീറിന് നേരെയാണ് പതിനഞ്ചോളം വരുന്ന സംഘം ആദ്യം എത്തിയത്. ഷര്‍ട്ടിന് കുത്തിപ്പിടിച്ച സംഘം കൈ പിടിച്ചു തിരിക്കുകയും ക്യാമറ തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ദൃശ്യങ്ങള്‍ പ്രക്ഷേപണം ചെയ്താല്‍ വീട്ടില്‍ കയറി വെട്ടിക്കൊല്ലുമെന്ന് പറഞ്ഞ സംഘം സ്ഥാപനം അടിച്ചു തകര്‍ക്കുമെന്നും ഭീഷണി മുഴക്കി. ഇത് തടയുന്നതിനിടെയാണ് വിനോദ് തലപ്പള്ളിക്ക് മര്‍ദനമേറ്റത്.

സ്ഥലത്തുണ്ടായിരുന്ന സി ഐ ബാബുരാജ്, എസ് ഐ വിശ്വനാഥന്‍കരയില്‍ എന്നിവര്‍ സ്ഥലത്തെത്തിയാണ് ഷബീറിനേയും വിനോദിനെയും അക്രമികളില്‍ നിന്ന് രക്ഷപ്പെടുത്തിയത്. സംഘത്തില്‍ സ്ത്രീകളും ഉണ്ടായിരുന്നു. വലതു കൈക്ക് സാരമായി പരിക്കേറ്റ ഷബീറിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ ഗോമുഖം ബാബു, തൊട്ടിയില്‍ ഭാസ്ക്കരന്‍ എന്നിവരടക്കം 10 പേര്‍ക്കെതിരെ തിരൂര്‍ പൊലീസ് കേസെടുത്തു. പ്രസ് ക്ളബിന്റെ നേതൃത്വത്തില്‍ തിരൂരില്‍ ബഹുജന പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.