തിരൂരില്‍ മൃതദേഹം കബറില്‍നിന്നെടുത്ത്‌ പോസ്‌റ്റുമോര്‍ട്ടം നടത്തി

തിരൂര്‍: അപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം കബറില്‍ നിന്ന്‌ പുറത്തെടുത്ത്‌ പോസ്‌റ്റുമോര്‍ട്ടം നടത്തി. തിരുന്നാവായ കൊടക്കല്‍താഴത്ത്‌ അരീക്കാട്‌ പറമ്പില്‍ കുഞ്ഞിമുഹമ്മദ്‌ഹാജി(84)യുടെ മൃതദേഹമാണ്‌ കബര്‍ തുറന്ന്‌ പോസ്‌റ്റുമോര്‍ട്ടം നടത്തിയത്‌. കഴിഞ്ഞ നാലാം തിയ്യതിയാണ്‌ കുഞ്ഞിമുഹമ്മദ്‌ ഹാജി അപകടത്തില്‍ മരിച്ചത്‌.

വീട്ടില്‍ നിന്ന്‌ റോഡിലേക്ക്‌ ഇറങ്ങുന്നതിനിടെ ടിപ്പര്‍ലോറി ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്‌. പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രയില്‍ ചികിത്സയിലിരിക്കെ 15 നാണ്‌ മരിച്ചത്‌. മൃതദേഹം ഇന്‍ക്വസ്റ്റ്‌ നടത്തുന്നതിന്‌ പോലീസ്‌ എത്തുന്നതിന്‌ മുമ്പ്‌ കബറടക്കിയതിനാല്‍ പോസ്‌റ്റുമോര്‍ട്ടം നടത്തുന്നതിന്‌ തിരൂര്‍ പോലീസ്‌ സബ്‌ഡിവിഷണല്‍ മജിസ്‌ട്രേറ്റിനെ സമീപിച്ചു. തുടര്‍ന്നാണ്‌ കബര്‍ തുറന്ന്‌ പോസ്‌റ്റുമോര്‍ട്ടം നടത്താന്‍ പോലീസിന്‌ അനുമതി ലഭിച്ചത്‌.

തിരൂര്‍ തഹസില്‍ദാരുടെ നേതൃത്വത്തിലാണ്‌ മൃതദേഹം താഴത്തറ ജുമാമസ്‌ജിദ്‌ കബര്‍സ്ഥാനിലെ കബറില്‍ നിന്ന്‌ പുറത്തെടുത്തത്‌. ഇന്‍ക്വസ്റ്റ്‌ നടത്തി പോലീസ്‌ സര്‍ജന്റെ നേതൃത്വത്തില്‍ പോസ്‌റ്റുമോര്‍ട്ടം നടത്തി കബറടക്കി.