തിരൂര്‍ നഗരസഭാ ചെയര്‍മാന്‍ പദവി; തര്‍ക്കം മുറുകുന്നു

Story dated:Tuesday November 17th, 2015,11 11:am
sameeksha sameeksha

Untitled-1 copyതിരൂര്‍: നഗരസഭാ ചെയര്‍മാന്‍ പദവിയെചൊല്ലി തിരൂരില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തേക്ക്‌ സിപിഎം സ്ഥാനാര്‍ത്ഥിയായി അഡ്വ.എസ്‌ ഗിരീഷിനെ മത്സരിപ്പിക്കാന്‍ സിപിഎം തിരൂര്‍ ഏരിയാകമ്മിറ്റി യോഗം തീരുമാനിച്ചു.

എന്നാല്‍ ഔദ്യോഗിക തീരുമാനം ഇടതുമുന്നണിയുടെ യോഗത്തിന്‌ ശേഷമെ ഉണ്ടാവുകയൊള്ളു. എന്നാല്‍ അഡ്വ.എസ്‌.ഗിരീഷിന്റെ പേര്‌ തീരുമാനിച്ചതോടെ നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തിനുള്ള തര്‍ക്കം മുറുകിയിരിക്കുകയാണ്‌. സിപിഎം ഏകപക്ഷീയമായ നിലപാടെടുത്തുവെന്നും തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്‌ ശക്തിപകര്‍ന്ന തിരൂര്‍ വികസന ഫോറത്തിന്റെ സ്ഥാനാര്‍ത്ഥിയായി ഇടതു സ്വതന്ത്രകൗണ്‍സില്‍ കെ ബാവയെ ചെയര്‍മാന്‍ സ്ഥാനത്തേയ്‌ക്ക്‌ പരിഗണിക്കണമെന്നുമാണ്‌ ഒരുവിഭാഗത്തിന്റെ വാദം.

സിപിഎം അഡ്വ.എസ്‌ ഗിരീഷിന്റെ പേര്‌ ചെയര്‍മാന്‍ സ്ഥാനത്തേക്ക്‌ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും ചെയര്‍മാനെ ഇടതുമുന്നണി യോഗമാണ്‌ ഘടകകക്ഷികളുമായി ചെര്‍ച്ചചെയ്‌തു തീരുമാനിക്കുകയെന്നും സിപിഎം ഏരിയാ സെക്രട്ടറി അഡ്വ.പി ഹംസക്കുട്ടി പറഞ്ഞു.

ഇതിനിടയില്‍ സിപിഎമ്മിലെ പി.സഫിയയെ വൈസ്‌ ചെയര്‍മാനാക്കണമെന്ന്‌ ഒരുവിഭാഗം വാദിക്കുന്നുണ്ട്‌. ബാവയ്‌ക്ക്‌ ചെയര്‍മാന്‍സ്ഥാനം നല്‍കിയില്ലെങ്കില്‍ ടിഡിഎഫ്‌ അനുകൂലികളായ കൗണ്‍സിലറില്‍ ഒരാളെ വൈസ്‌ചെയര്‍മാനാക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്‌.

എന്നാല്‍ മുന്നണിമര്യാദപ്രകാരം രണ്ടുസീറ്റുകളുള്ള സി പി ഐയ്‌ക്ക്‌ വൈസ്‌ചെയര്‍മാന്‍ സ്ഥാനം നല്‍കിയേക്കും. അങ്ങനെയെങ്കില്‍ സിപിഐയുടെ പാര്‍ട്ടിചിഹ്നത്തില്‍ മത്സരിച്ചു വിജയിച്ച ശാന്ത വൈസ്‌ചെയര്‍മാന്‍ സ്ഥാനാര്‍ഥിയാകും.

എന്‍സിപിക്ക്‌ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ടുസീറ്റ്‌ ഇടതുപക്ഷം നല്‍കിയിരുന്നു.