തിരൂരില്‍ ഒരു കോടിയുടെ കുഴല്‍പണവേട്ട;3 പേര്‍ പിടിയില്‍

black moneyതിരൂര്‍: തിരൂര്‍ പോലീസ്‌ രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയില്‍ ഒരു കോടി ആറരലക്ഷം രൂപയും ഒരു സ്വിഫ്‌റ്റ്‌ കാറും കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ അലനെല്ലൂര്‍ സ്വദേശികളായ മൂന്ന്‌പേര്‍ അറസ്‌ററിലായി.

തിരൂര്‍ ബസ്‌്‌റ്റാന്റ പരിസരത്ത്‌ കുഴല്‍പണുമായി ഒരാള്‍ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന്‌ തിരൂര്‍ എസ്‌ ഐ സുനില്‍ പുളിക്കല്‍, ഡി.വൈ.എസ്‌.പിയുടെ പ്രത്യേക അന്വേഷണ സംഘവും നടത്തിയ അന്വേഷണത്തിലാണ്‌ നാട്ടുകല്‍ ആര്യമ്പാവ്‌ സ്വദേശിയായ ഷൗക്കത്തലി പിടിയിലായത്‌. ഇയാളില്‍ നിന്നും അടിവസ്‌ത്രത്തിന്റെ പോക്കറ്റില്‍ ഒളിപ്പിച്ച നിലയില്‍ സൂക്ഷിച്ചു വെച്ചിരുന്ന രണ്ടരലക്ഷം രൂപയും പണം വിതരണം നടത്തേണ്ടവരുടെ പേരുവിവരങ്ങള്‍ അടങ്ങിയ ലിസ്റ്റും പിടികൂടി.

നിയമസഭാ ഇലക്ഷനോടനുബന്ധിച്ച്‌ തിരൂര്‍ ഡിവൈഎസ്‌പി ടി.സി. വേണുഗോപാലിന്റെയും തിരൂര്‍ ഇന്‍സ്‌പെക്ടര്‍ ടി.ആര്‍ പ്രദീപ്‌കുമാറിന്റെയും പരിശോധനയ്‌ക്കിടയിലാണ്‌ കെഎല്‍ 53 ഇ 7788 നമ്പര്‍ സ്വിഫ്‌റ്റ്‌ കാറും തിരൂരില്‍ വിതരണത്തിനായി കൊണ്ടുവന്ന ഒരു കോടി നാലുലക്ഷം രൂപയും പിടികൂടിയത്‌. കാറിലുണ്ടായിരുന്ന വെട്ടത്തൂര്‍ കണ്ണന്തൊടി കാവണ്ണ മുഹമ്മദ്‌ നയീം, വെട്ടത്തൂര്‍തുടിക്കോടന്‍ ഷൗക്കത്തലി എന്നിവരും പിടിയിലായി.

തിരൂര്‍ എസ്‌.ഐ സുനില്‍ പുളിക്കല്‍, എ.എസ്‌.ഐ മുരളീധരന്‍, സിപിഒമാരായ രാജേഷ്‌, ജയകൃഷ്‌ണന്‍, സഹദേവന്‍, ഷിജി എന്നിവര്‍ക്ക്‌ പുറമെ ഡി.വൈ.എസ്‌.പിയുടെ പ്രത്യേക അന്വേഷണ സംഘത്തിലെ എ.എസ്‌.ഐ പ്രമോദ്‌, സിപിഒ രാജേഷ്‌ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.