കാലാവധി കഴിഞ്ഞ ബീയര്‍ കുപ്പികള്‍ നശിപ്പിച്ചു

exciseതിരൂര്‍: മലപ്പുറം ഡെപ്യൂട്ടി എക്‌സൈസ്‌ കമ്മീഷണറുടെ പ്രത്യേക നിര്‍ദേശ പ്രകാരം തിരൂര്‍ എക്‌സൈസ്‌ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ കാലാവധി കഴിഞ്ഞ ബീയര്‍ കുപ്പികള്‍ നശിപ്പിച്ചു. ഒരു ബീയര്‍കുപ്പിയുടെ കാലാവധി 6 മാസമാണ്‌. എന്നാല്‍ തിരൂര്‍ ബാറിലെ ബിയര്‍ കുപ്പികള്‍ 6 മാസത്തിലേറെയായി സൂക്ഷിച്ചിരിക്കുന്നതാണ്‌. ബാറിനുള്ളിലുള്ള ട്രീറ്റ്‌മെന്റ്‌ പ്ലാന്റിലാണ്‌ ബിയര്‍ സംസ്‌ക്കരിച്ചത്‌. മറ്റു ബാറുകളിലെല്ലാം ആറുമാസം മുമ്പ്‌ തന്നെ സര്‍ക്കാര്‍ ഉത്തരവ്‌ പ്രകാരം ഒഴുക്കിക്കളഞ്ഞിരുന്നു. എന്നാല്‍ തിരൂരിലെ ദീപ ബാറിന്‌ ലൈസന്‍സ്‌ ലഭിക്കാന്‍ കാലതാമസം എടുത്തതാണ്‌ ഉത്തരവ്‌ നടപ്പിലാക്കാന്‍ സാധിക്കാത്തതെന്ന്‌ എക്‌സൈസ്‌ ഇന്‍സ്‌പെക്ടര്‍ ഗോപിനാഥ്‌ എന്‍.വി പറഞ്ഞു.

12 കുപ്പികളടങ്ങുന്ന ഏകദേശം 312 ഓളം ബിയര്‍ കേയ്‌സുകളാണ്‌ ബാറില്‍ നിന്നും പുറത്തെടുത്തത്‌. പിന്നീട്‌ എക്‌സൈസ്‌ സൂപ്രണ്ടിന്‌ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറുമെന്ന്‌ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.