തിരൂരില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

111തിരൂര്‍: തിരൂര്‍ പയ്യനങ്ങാടി പാറേക്കുളം ജുമാമസ്ജിദിനടുത്ത് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. എളംകുളത്ത് അഷറഫ് (45)ആണ് മരിച്ചത്. 3 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഇന്ന് രാവിലെ 5.40 ഓടെയാണ് അപകടം നടന്നത്. സുബഹി നമസ്‌കാരത്തിനായി സ്‌കൂട്ടറില്‍ പള്ളിയിലേക്ക് പോകുകയായിരുന്നു അഷറഫും സഹയാത്രികനായ മുഹമ്മദ് സാഹിബും. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് സാഹിബ് (65) നെ കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബൈക്ക് യാത്രക്കാരായ വേങ്ങര സ്വദേശികകളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് 20 മീറ്റര്‍ അകലെ തോട്ടിലേക്ക് തെറിച്ചു വീണതായി കണ്ടെത്തി.

കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍ വെച്ച് രാവിലെ ഏഴ് മണിയോടെയാണ് അഷറഫിന്റെ മരണം സ്ഥിരീകരിച്ചത്. അഷറഫിന്റെ തലക്കേറ്റ മുറിവാണ് മരണകാരണം. അഷറഫിന്റെ ഹെല്‍മറ്റ് തകര്‍ന്നിരുന്നു.

അഷറഫ് ഇസ്ലാഹി പ്രവര്‍ത്തകനും, ജീവ കാരുണ്യ പ്രവര്‍ത്തകനുമായിരുന്നു. തിരൂര്‍ സക്കാത്ത് സെല്‍ മേധാവിയായും തിരൂരിലെ അല്‍ഫിത്തറ പ്രീ പബ്ലിക് അവധിക്കാല സ്‌കൂള്‍, മദ്രസ്സ എന്നിവയുടെ മുഖ്യ സംഘാടകനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

അഷറഫിന്റെ പിതാവ് പരേതനായ എളംകുളത്ത് മൊയ്തീന്‍കുട്ടി, മാതാവ് പള്ളികുട്ടി, ഭാര്യ ഷക്കീല, സഹേദരങ്ങള്‍ : ഫൈസല്‍, സലിം, ആസിയ, കദീജ, ഷഹാസ്, പരേതനായ അലി.

മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. വൈകീട്ട് കോരങ്ങത്ത് ജുമാ മസ്ജിദില്‍ ഖബറടക്കും.

 

ഫോട്ടോ കടപ്പാട്:തിരൂര്‍നെറ്റ്‌