തൃശൂരില്‍ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍:എരുമെപ്പട്ടിക്കടുത്ത് ഒരു കുടംബത്തിലെ നാലുപേരെ മരിച്ചനിലയില്‍ കണ്ടെത്തി.ആത്മഹത്യയാണെന്ന് സംശയിക്കുന്നു. എരുമപ്പെട്ടി കൈക്കുളങ്ങര ക്ഷേത്രത്തിനടുത്ത് കാട്ടിലും പറമ്പില്‍ വേലായുധന്റെ മകന്‍ സുരേഷ്(37), ഭാര്യ ധന്യ(34), മക്കളായ വൈഗ(8), വൈശാഖി(6) എന്നിവരാണ് മരിച്ചത്. മറ്റൊരു കുട്ടി വൈഷ്ണവിയെ രക്ഷിക്കാന്‍ സാധിച്ചു.

ധന്യയെയും മക്കളെയും വീട്ടിലെ കിണറ്റില്‍ മരിച്ച നിലയിലും സുരേഷിനെ കിണറിനു തൊട്ടടുത്ത മാവില്‍ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. വൈഗയുടെ ഇരട്ട സഹോദരി വൈഷ്ണവി(8) കിണറിനകത്ത് വേരില്‍ പിടിച്ചു നിന്നതിനാലാണ് രക്ഷപ്പെട്ടത്. രാവിലെ നടക്കാനിറങ്ങിയവര്‍ വൈഷ്ണവിയുടെ കരച്ചില്‍ കേട്ട് പരിശോധിച്ചപ്പോഴാണ് സുരേഷിനെ തൂങ്ങി മരിച്ച നിലയിലും വൈഷ്ണവിയെ കിണറ്റിലും കണ്ടെത്തിയത്.

കിണറ്റില്‍ നിന്ന് കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റ് മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഗുരുതര പരിക്കേറ്റ വൈഷ്ണവിയെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കുട്ടികള്‍ക്ക് ഉറക്ക ഗുളിക കൊടുത്ത ശേഷം കിണറ്റിലിട്ടതായിരിക്കുമെന്നാണ് പൊലീസിന്റെ നിഗമനം. സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യക്ക് ഇടയാക്കിയതെന്നാണ് സൂചന.