മലപ്പുറത്തെ മൂന്ന്‌ സ്‌കൂളുകള്‍ക്ക്‌ ഇനി മുതല്‍ ജില്ലാ പഞ്ചായത്ത്‌ വക ബസ്‌

DIST PACHAYATH GIFTED BUS 3മലപ്പുറം : ജില്ലാ പഞ്ചായത്ത്‌ 2014-15 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ മൂന്ന്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക്‌ അനുവദിച്ച ബസുകളുടെ താക്കോല്‍ദാനവും രേഖകളുടെ കൈമാറ്റവും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഹ്‌റ മമ്പാട്‌ നിര്‍വഹിച്ചു. മലപ്പുറം ആര്‍.ടി. ഓഫീസ്‌ പരിസരത്ത്‌ നടന്ന പരിപാടിയില്‍ തവനൂര്‍ കെ.എം.ജി.വി.എച്ച്‌.എസ്‌., തിരൂര്‍ ബി.പി. അങ്ങാടി ഗേള്‍സ്‌ ജി.വി.എച്ച്‌.എസ്‌., വെട്ടത്തൂര്‍ ജി.എച്ച്‌.എസ്‌.എസ്‌. പ്രതിനിധികള്‍ താക്കോലും രേഖകളും ഏറ്റുവാങ്ങി. 38 ലക്ഷം ചെലഴിച്ചാണ്‌ ജില്ലാ പഞ്ചായത്ത്‌ സ്‌കൂള്‍ ബസുകള്‍ വാങ്ങിയത്‌.
ജില്ലയില്‍ വിദ്യാര്‍ഥികളുടെ യാത്രാദുരിതം കണക്കിലെടുത്താണ്‌ പൈലറ്റ്‌ പദ്ധതിയെന്ന നിലയില്‍ മൂന്ന്‌ സ്‌കൂളുകള്‍ക്ക്‌ ജില്ലാ പഞ്ചായത്ത്‌ ബസ്‌ വാങ്ങി നല്‍കിയതെന്ന്‌ പ്രസിഡന്റ്‌ സുഹ്‌റ മമ്പാട്‌ പറഞ്ഞു. ഇതിന്റെ പുരോഗതി വിലയിരുത്തിയ ശേഷം ഘട്ടംഘട്ടമായി മറ്റ്‌ സ്‌കൂളുകള്‍ക്കും വാഹനം നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന്‌ അവര്‍ പറഞ്ഞു. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷരായ പി.കെ. ജല്‍സീമിയ, ടി. വനജ, അംഗങ്ങളായ ഉമ്മര്‍ അറക്കല്‍, സലീം കുരുവമ്പലം, പി. സൈതലവി മാസ്റ്റര്‍, ഇ. പാത്തുമ്മക്കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.