തമിഴ്‌നാട്ടില്‍ കാലിന്‍മേല്‍ കാല്‍ കയറ്റിവെച്ചതിന് മൂന്ന് ദളിതരെ സവര്‍ണ്ണര്‍ വെട്ടിക്കൊന്നതില്‍ വ്യാപകപ്രതിഷേധം

ചെന്നൈ : സവര്‍ണ്ണരുടെ മുന്നില്‍ കാലിന്‍മേല്‍ കാല്‍കയറ്റിവെച്ച് ഇരുന്നതിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ മൂന്ന് ദളിതരെ വെട്ടിക്കൊന്ന സംഭവത്തില്‍ വ്യാപകപ്രതിഷേധം.
ശിവഗംഗ ജില്ലയിലെ കറുപ്പ് സ്വാമി ക്ഷേത്രത്തിന് പുറത്ത് രണ്ട് ദളിത് യുവാക്കള്‍ കാലിന്‍മേല്‍ കാല്‍ കയറ്റിവെച്ച് ഇരുന്നതാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കം. ഇത് കണ്ട സവര്‍ണ്ണര്‍ ദളിതര്‍ തങ്ങളെ അപമാനിക്കുകയായണെന്ന് ആരോപിച്ച് ഇവരുമായി വാക്കേറ്റമുണ്ടാവുകയായിരുന്നു. ഇതില്‍ ദളിത് വിഭാഗത്തില്‍ പെട്ടവര്‍ പോലീസില്‍പരാതിപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് രാത്രിയില്‍ സംഘടിച്ചെത്തിയ സവര്‍ണ്ണര്‍ ദളിതര്‍ താമസിക്കുന്ന സ്ഥലത്തെത്തി ആക്രമിക്കുകയായിരുന്നു. വൈദ്യുതിബന്ധം വിച്ഛേദിച്ച ശേഷം തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു

തേവര്‍ വിഭാഗത്തില്‍ പെട്ടവരാണ് ആക്രമിച്ചത്. ആക്രമണത്തില്‍ ഷണ്‍മുഖനാഥന്‍, അറമുഖന്‍ എന്നീ രണ്ടുപേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ചന്ദ്രശേഖരന്‍ എന്നയാള്‍ മധുരയില്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.

സംഭവത്തില്‍ വ്യാപകപ്രതിഷേധമാണ് ഉയരുന്നത്.

സിപിഐഎമ്മും വിവിധ ദളിത് സംഘടനകളും സംഭവത്തില്‍ പ്രതിഷേധിച്ച് രംഗത്തെത്തി. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പോലീസ് ആക്രമണം നടന്ന സ്ഥലത്ത് എത്തിയില്ല എന്ന ആക്ഷേപവുമുണ്ട്.

Related Articles