ജയിലില്‍ നിന്ന് നിസാം ഭീഷണിപ്പെടുത്തിയെന്ന് പരാതി

തൃശൂര്‍: ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാം ജയില്‍ നിന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് പരാതി. നിസാമിന്റെ കിംഗ്‌സ് സ്‌പേസ് എന്ന സ്ഥാപനത്തിലെ മാനേജര്‍ ചന്ദ്രശേഖരനാണ് തൃശൂര്‍ സിറ്റി പോലീസിന് പരാതി നല്‍കിയിരിക്കുന്നത്.

ചൊവ്വാഴ്ച കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ലാന്റ് ഫോണില്‍ നിന്നാണ് നിസാം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്ന് പരാതിയില്‍ പറയുന്നു.

ഓഫീസില്‍ നിന്ന് ഒരു ഫയല്‍ ഉടന്‍ തന്നെ ജയിലില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം നിസാം ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. ജയിലില്‍ നിന്ന് നിസാം ബിസിനസ് നിയന്ത്രിക്കുന്നുവെന്നും ഭീഷണിപ്പെടുത്തുന്നു വെന്നും കാണിച്ച് നേരത്തെയും പരാതിയുണ്ടായിരുന്നു.

നിസാമിനെ രണ്ടുവര്‍ഷത്തിനിടെ 20 തവണ ജയിലില്‍ പോയിക്കണ്ടിട്ടുണ്ടെന്നും ജയിലിലാണെങ്കിലും നിസാം അപകടകാരിയാണെന്നും തന്റെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പാക്കണമെന്നും പരാതിയില്‍ പറയുന്നുണ്ട്.