തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് വിരുദ്ധ സമരം; പോലീസ് വെടിവെപ്പില്‍ ഒമ്പത് മരണം

തൂത്തുക്കുടി: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ കോപ്പര്‍ പ്ലാന്റിനെതിരായ സമരക്കാര്‍ക്കു നേരെ പോലീസ് വെടിവെപ്പില്‍ ഒമ്പതുപേര്‍ മരിച്ചു. വേദാന്ത സ്റ്റെര്‍ലൈറ്റിന്റെ കോപ്പര്‍ യൂണിറ്റ് അടച്ചുപൂട്ടുണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നടത്തിവരുന്ന സമരമാണ് അക്രമാസക്തമായത്. ഇതെതുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. എന്നാല്‍ ഇതെ തുടര്‍ന്നും സമരക്കാര്‍ പിരിഞ്ഞുപോകാതായതോടെ പോലീസ് വെടിവെക്കുകയായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ലോങ് മാര്‍ച്ച് പ്ലാന്റിനു മുന്നില്‍ പോലീസ് തടഞ്ഞതാണ് അക്രമങ്ങള്‍ക്കിടയാക്കിയത്. ഒരുമാസമായി തുടരുന്ന സമരത്തിന്റെ ഭാഗമായി ഇന്ന് നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായത്.

നിരവധി വാഹനങ്ങള്‍ സമരക്കാര്‍ തീയിട്ട് നശിപ്പിച്ചു. പ്ലാന്റ് പ്രവര്‍ത്തിക്കുന്നതുമൂലം പ്രദേശത്തെ വെള്ളം മലിനമാകുന്നു വെന്നാണ് നാട്ടുകാരുടെ ആരോപണം.

ഹൈക്കോടതി ഉത്തരവ് പ്രകാരം പ്ലാന്റ് സംരക്ഷിക്കാന്‍ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

Related Articles