തിരുവനന്തപുരത്ത്‌ എല്‍ഐസി ഓഫീസ്‌ കോംപ്ലെക്‌സില്‍ തീപിടുത്തം

തിരു: തിരുവനന്തപുരം കരമന എല്‍ഐസി ഓഫീസ്‌ കോംപ്ലക്‌സില്‍ തീപിടുത്തം. മുകളിലത്തെ നിലയില്‍ ഇന്ന്‌ രാവിലെ 9.45 ഓടെയാണ്‌ തീപിടുത്തമുണ്ടായത്‌. കെട്ടടത്തിന്റെ മുകളില്‍ സ്ഥാപിച്ചിട്ടുള്ള ജനറേറ്ററില്‍ നിന്നാണ്‌ തീ പടര്‍ന്നതെന്നാണ്‌ സംശയിക്കുന്നത്‌.

കെട്ടിടത്തിന്റെ ഏറ്റവും മുകളില്‍ നിന്നാണ്‌ തീയും പുകയും ഉയര്‍ന്നത്‌. തിരുവനന്തപുരത്തുനിന്നെത്തിയ എട്ട്‌ ഫയര്‍ഫോഴ്‌സ്‌ യൂണിറ്റുകള്‍ 45 മിനിറ്റ്‌ സമയമെടുത്താണ്‌ തീ നിയന്ത്രണ വിധേയമാക്കിയത്‌.

തീയും പുകയും കണ്ട ഉടന്‍തന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നു. പിന്നീടാണ്‌ ഫയര്‍ഫോഴ്‌സ്‌ എത്തിയത്‌. രാവിലെ അപകടമുണ്ടായതിനാല്‍ അധികം പേര്‍ കെട്ടിടത്തിലുണ്ടായിരുന്നില്ല.

തീപിടുത്തത്തെ തുടര്‍ന്ന്‌ ഒരു മണിക്കൂറോളം ഇവിടെ ഗതാഗത സ്‌തംഭനം ഉണ്ടായി.