തിരൂരങ്ങാടിയില്‍ മോഷ്ടാവ്‌ പിടിയില്‍

theft thirurangadiതിരൂരങ്ങാടി: ആളില്ലാത്ത വീട്ടില്‍ മോഷണം നടത്തിയ ഗൂര്‍ഖ പോലീസ്‌ പിടിയില്‍. നേപ്പാള്‍ ബജാംഗ്‌ ജില്ലയിലെ ബാംഗ്‌പൂര്‍ തമന്ന സ്വദേശി സാംസിംഗിന്റെ മകന്‍ രബി കുമാര്‍ (32) ആണ്‌ തേഞ്ഞിപ്പലം പോലീസിന്റെ പിടിയിലായത്‌. പറമ്പില്‍ പീടികയിലെ സി. രവീന്ദ്രന്റെ വീട്ടിലാണ്‌ മോഷണം നടത്തിയത്‌. മെയ്‌ 3 ന്‌ രാത്രിയാണ്‌ ഇയാളും സംഘവും ചേര്‍ന്ന്‌ ആളില്ലാതിരുന്ന ഡോക്ടറുടെ വീട്ടില്‍ മോഷണം നടത്തിയത്‌. വീടിന്റെ പിറകുവശത്തെ ഗ്രില്ലും വാതിലും തകര്‍ത്ത്‌ അകത്തുകയറിയ സംഘം ഒന്നര ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ചു.

വെള്ളിപാത്രങ്ങള്‍, രണ്ട്‌ ക്യാമറകല്‍, രണ്ട്‌ മൊബൈല്‍ ഫോണുകള്‍, 10,000 രൂപയുടെ 10 രൂപ നാണയങ്ങള്‍, 40,000 രൂപ എന്നിവയായിരുന്നു നഷ്ടപ്പെട്ടത്‌. മോഷണ സംഘത്തില്‍ രബികൂമാര്‍ ഉള്‍പ്പെടെ മൂന്നു പേര്‍കൂടിയുണ്ടായിരുന്നു. ഇവരെ പോലീസ്‌ അന്വേഷിച്ച്‌ വരികയാണ്‌. ഇവരില്‍ ഒരാള്‍ നേപ്പാള്‍ സ്വദേശിയാണെന്നും മറ്റ്‌ രണ്ടുപേര്‍ അന്യസംസ്ഥാന തൊഴിലാളികളാണെന്നുമാണ്‌ സൂചന.

സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ്‌ അന്വേഷണം നടത്തിയത്‌. വരപ്പാറയിലുള്ള ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ്‌ രബികുമാര്‍ പിടിയിലായത്‌. ഇയാളില്‍ നിന്നും മൊബൈല്‍ ഫോണും നാണയങ്ങളും പോലീസ്‌ കണ്ടെടുത്തിട്ടുണ്ട്‌. വീട്ടില്‍ രണ്ടുമൂന്ന്‌ ദിവസം ആളുണ്ടാകില്ലെന്നും ഒന്നു ശ്രദ്ധിക്കണമെന്നും ഡോക്ടര്‍ രബികുമാറിനോട്‌ പറഞ്ഞിരുന്നു. പറമ്പില്‍ പീടിക ഭാഗത്ത്‌ ഖൂര്‍ക്കയുടെ ജോലിയെടുത്തുവരികയായിരുന്നു ഇയാള്‍.

തിരൂരങ്ങാടി സിഐ അനില്‍ ബി റാവുത്തറുടെ നിര്‍ദേശപ്രകാരം തേഞ്ഞിപ്പലം എസ്‌ഐ പി എം രവീന്ദ്രന്‍, പ്രൊബേഷന്‍ എസ്‌ഐ പി രാജേഷ്‌, സന്തോഷ്‌ പൂതേരി, എ സുജാത, സ്‌പെഷല്‍ സ്‌ക്വാഡ്‌ അംഗങ്ങളായ സത്യനാഥന്‍ മനാട്ട്‌, ശശി കുണ്ടറക്കാട്‌, ടി ശ്രീകുമാര്‍, കെ അസീസ്‌ എന്നിവരടങ്ങിയ സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌. രബികുമാറിനെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി.