തിരൂരങ്ങാടിയില്‍ ഒരുകോടിയുടെ അസാധു നോട്ടുമായി നാലുപേര്‍ അറസ്റ്റില്‍

തിരൂരങ്ങാടി: ഒരുകോടി രൂപയുടെ അസാധുവാക്കിയ ആയിരത്തിന്റെ നോട്ടുകളുമായി നാലുപേര്‍ പിടിയിലായി. ഫറോഖ് ചുങ്കം പറവണ്ടിവീട്ടില്‍ ഫിന്‍സര്‍(36), താനൂര്‍ കെ പുരം പരവറമ്പത്ത് വീട്ടില്‍ സലാഹുദ്ദീന്‍(38), മലപ്പുറം കോട്ടപ്പടി നാട്ടുകെട്ടില്‍ വീട്ടില്‍ ഷിഹാദ്(38), കോഴിക്കോട് ബാലുശേരി കൊയിലോത്തുകണ്ടി ഷിജിത്ത്(28) എന്നിവരാണ് അറസ്റ്റിലായത്. തലപ്പാറയില്‍ തിരൂരങ്ങാടി എസ് ഐ വിശ്വനാഥന്‍ കാരയിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയ്ക്കിടയിലാണ് സംഘം വലയിലായത്.

കോഴിക്കോട് ഭാഗത്തുനിന്നു വരികയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന അള്‍ട്ടോ കാര്‍ പരിശോധിക്കുന്നതിനിടയിലാണ് പിന്‍സീറ്റില്‍ പെട്ടിയിലാക്കി കറന്‍സി സൂക്ഷിച്ചിരുന്നത് കണ്ടെത്തിയത്. ചെന്നൈയില്‍ നിന്നും തുച്ഛമായ വിലയ്ക്ക് ശേഖരിച്ച കറന്‍സികള്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ കോട്ടക്കലിലെത്തിക്കുക എന്നതായിരുന്നു ഇവരുടെ ചുമതലയെന്നാണ് പ്രാഥമിക വിവരം. ഒരു കോടിരൂപ കോട്ടക്കലിലെത്തിച്ചാല്‍ ഇവര്‍ക്ക് ലഭിക്കുക മൂന്ന് ലക്ഷം രൂപയാണ്. എന്‍ആര്‍ഐ സ്റ്റാറ്റസുള്ളവര്‍ക്ക് അസാധുനോട്ടുകള്‍ മാറാനുള്ള അവസരമുള്ളത് മൊതലെടുത്താണ് പണം ശേഖരിച്ചതെന്ന് പോലീസ് പറഞ്ഞു. ഈ 30 ന് അസാധുനോട്ടുകള്‍ മാറാനുള്ള അവസരം അവസാനിക്കും. പ്രതികെ കോടതിയില്‍ ഹാജരാക്കി.

ജില്ലാ പോലീസ് ചീഫ് ദേബേഷ് ബെഹ്‌റക്ക് നാലുദിവസം മുമ്പേ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തില്‍ സ്‌ക്വാഡ് രൂപീകരിച്ച് വ്യാപക പരിശോധന നടത്തിവരികയായിരുന്നു.

അഡീഷണല്‍ എസ്‌ഐ ബി കെ ബാലകൃഷ്ണന്‍, എഎസ്‌ഐ സത്യനാഥന്‍, സിപിഒമാരായ സി സുബ്രഹ്മണ്യന്‍, കെ സിറാജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.