കൊടിഞ്ഞിയില്‍ ഹര്‍ത്താല്‍ പൂര്‍ണം;പ്രതിഷേധക്കാര്‍ ഹൈവേയില്‍ വാഹനങ്ങള്‍ തടയുന്നു

തിരൂരങ്ങാടി: കൊടിഞ്ഞിയില്‍ മതം മാറിയതിന്റെ പേരില്‍ ഫൈസല്‍ എന്ന യുവാവ് കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ശരിയായ ദിശയിലല്ലെന്നാരോപിച്ച് യുഡിഎഫും എസ്ഡിപിഐ, വെല്‍ഫെയര്‍പാര്‍ട്ടി എന്നിവരും  ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നന്നമ്പ്ര-കൊടിഞ്ഞിയില്‍ പൂര്‍ണം.
കേസിലെ അന്വേഷണ സംഘത്തെ മാറ്റുക, കൊല്ലപ്പെട്ട ഫൈസലിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി അനുവദിക്കുക, ഗൂഡാലോചന കേന്ദ്രങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുക, ഫൈസലിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ചെമ്മാട് നഗരം ഉള്‍പ്പെടെ ഉപരോധിക്കുന്ന സമരമാണ് നടക്കുന്നത്. സമരത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധിപേരാണ് പങ്കെടുത്തത്. ഫൈസലിന്റെ കുടുംബവും സമരത്തിനെത്തിയിട്ടുണ്ട്. സമരത്തിനിടെ എഡിഎം, എംഎല്‍എ പി കെ അബ്ദുറബ്ബ് അടക്കമുള്ള പ്രതിഷേധക്കാരോട് നടത്തിയ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. ഡിജിപി തന്നെ വിളിച്ച് അന്വേഷണ സംഘത്തെ മാറ്റാമെന്ന ഉറപ്പ് നല്‍കിയാല്‍ മാത്രമെ സമരം അവസാനിപ്പിക്കു എന്ന് എംഎല്‍എ എഡിഎമ്മിനെ അറിയിക്കുകയായിരുന്നു.

ഉച്ചവരെ ചെമ്മാട് നഗരം ഉപരോധിച്ച പ്രതിഷേധക്കാര്‍ പിന്നീട് ദേശീയപാതയിലേക്ക് സമരം മാറ്റി. ഇപ്പോള്‍ കക്കാടും കൊളപ്പുറത്തും ഇവര്‍ റോഡ് ഉപരോധിക്കുകയാണ്. സമരത്തിനിടെ പലയിടത്തും പോലീസും പ്രതിഷേധക്കാരുമായി നേരിയ സംഘര്‍ഷമുണ്ടായി.

കഴിഞ്ഞ നവംബര്‍ 19ന് പുലര്‍ച്ചെയാണ് പുല്ലൂണി അനില്‍കുമാര്‍ എന്ന ഫൈസലിനെ മതം മാറിയതിന് ആര്‍എസ്എസ്സുകാര്‍ വെട്ടിക്കൊലപ്പെടുത്തിയത്. ഈ കേസില്‍ രണ്ടു പ്രാധനപ്രതികളായ തിരൂര്‍ സ്വദേശികളായ മഠത്തില്‍ നാരായണന്‍, ജിനേഷ് എന്നിവരെ പടികൂടാനുണ്ട്. നാരായണന്‍ തിരൂരിലെ യാസിര്‍ വധക്കേസിലെ പ്രതിയായിരുന്നു. ഇവരുടെ അറസ്റ്റ് വൈകുന്നത് അന്വേഷണ സംഘത്തിന് നേരെ പ്രതിഷേധം ശക്തമാകുന്നതിന് കാരണമായിട്ടുണ്ട്.