അനീഷ്‌ മാസ്റ്റര്‍ക്കെതിരായ കള്ളക്കേസ്‌;സിപിഐഎം തിരൂരങ്ങാടി പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ മാര്‍ച്ച്‌ നടത്തി

cpim,thiruranagdiതിരൂങ്ങാടി: സിപിഐ(എം) ഏരിയകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരൂരങ്ങാടി പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ മാര്‍ച്ച്‌ നടത്തി. മൂന്നിയൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനായിരുന്ന കെ കെ അനീഷിനെതിരെ കള്ളക്കേസെടുക്കാന്‍ മാനേജര്‍ക്ക്‌ ഒത്താശ ചെയ്‌തുനല്‍കിയ തിരൂരങ്ങാടി പോലീസ്‌ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക, കള്ളക്കേസിനെ സംബന്ധിച്ച്‌ പുനരന്വേഷണം നടത്തുക, കേസന്വേഷണം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്‌.

താജ്‌ ഓഡിറ്റോറിയത്തിന്റെ പരിസരത്തുനിന്ന്‌ ആരംഭിച്ച മാര്‍ച്ച്‌ പോലീസ്‌ സ്‌റ്റേഷന്‌ മുന്നില്‍ തിരൂരങ്ങാടി സിഐ അനില്‍ ബി റാവുത്തറുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം തടഞ്ഞു.

മാര്‍ച്ച്‌ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം വേലായുധന്‍ വളളിക്കുന്ന്‌ ഉദ്‌ഘാടനെ ചെയ്‌തു. സി ഇബ്രാഹിംകുട്ടി അധ്യക്ഷനായി. വി പി സോമസുന്ദരന്‍, ടി പ്രഭാകരന്‍, അഡ്വ. സി പി മുസ്‌തഫ, കെ രാമദാസന്‍ എന്നിവര്‍ സംസാരിച്ചു.