തിരൂരങ്ങാടിയില്‍ വീടുപണിക്കിടെ സ്ലാബ്‌ ദേഹത്തുവീണ്‌ കരാറുകാരന്‍ മരിച്ചു

Untitled-1 copyതിരൂരങ്ങാടി: പുതുക്കിപ്പണിയുന്ന വീടീന്റെ സണ്‍ഷേഡ്‌ മുറിച്ചുമാറ്റുന്നതിനിടെ കോണ്‍ഗ്രീറ്റ്‌ സ്ലാബ്‌ ദേഹത്തുവീണ്‌ കരാറുകാരന്‍ മരിച്ചു. ചെമ്മാട്‌ കുംഭം കടവിലെ കുരുക്കള്‍ പീടിയേക്കല്‍ ഷംസുദ്ദീന്‍(50) ആണ്‌ മരിച്ചത്‌.

താഴെ നില്‍ക്കുകയായിരുന്ന ഷംസുദ്ദീന്റെ ദേഹത്തേക്ക്‌ സ്ലാബ്‌ വീഴുകയായിരുന്നു. വ്യാഴാഴ്‌ച പകല്‍ മൂന്നുമണിയോടെയാണ്‌ അപകടം സംഭവിച്ചത്‌. കുംഭം കടവില്‍ തന്നെയുള്ള ഒരു വീടിന്റെ പുനര്‍നിര്‍മാണ പണിയാണ്‌ നടന്നു കൊണ്ടിരുന്നത്‌.

അപകടം നടന്നയുടന്‍ തന്നെ ഷംസുദ്ദീനെ തിരൂരങ്ങാടി താലൂക്ക്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിന്‌ ശേഷം വെള്ളിയാഴ്‌ച ചെമ്മാട്‌ പഴയ ജുമാമസ്‌ജിദ്‌ കബര്‍സ്ഥാനില്‍ കബറടക്കും.

ഭാര്യമാര്‍: സാബിറ, പരേതയായ സുലൈഖ. മക്കള്‍: സുഹൈല, ഷമീം, സുഹൈറ, ഷഹല ഫര്‍ഹത്ത്‌, മുഹമ്മദ്‌ സഹല്‍.