തിരൂരങ്ങാടിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പരക്കെ ലീഗ് വിമതര്‍

Untitled-1 copyതിരൂരങ്ങാടി: മലപ്പുറം ജില്ലയില്‍ യുഡിഎഫ് സംവിധാനം നിലനില്‍ക്കുന്ന ചുരുക്കം ചില തദ്ദേശസ്വയംഭരണ നഗരസഭകളില്‍ ഒന്നാണ് തിരൂരങ്ങാടി. എന്നാല്‍ ഇവിടെ സീറ്റ് ധാരണകള്‍ക്ക് വിരുദ്ധമായി കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളില്‍ മുസ്ലിംലീഗ് റിബലുകള്‍ വ്യാപകമായി രംഗത്ത്.

നഗരസഭയിലെ 27 ാം ഡിവിഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഡിസിസി ട്രഷറര്‍ എം എന്‍ കുഞ്ഞഹമ്മദ് ഹാജിയുടെ മകന്‍ എം എന്‍ ഹുസൈനെതിരെ റിബലായി മത്സരിക്കുന്നത് നേരത്തെ ലീഗ് മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന താപ്പി റഹ്മത്തുള്ളയാണ്. 12 ാം ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷംസുവിനെതിരെ ലീഗിലെ സി വി അബ്ദുള്‍ സലാം വിമതനായി മത്സരിക്കുന്നു.

16 ാം വാര്‍ഡില്‍ തിരൂരങ്ങാടിയിലെ പ്രമുഖ ലീഗ് നേതാവായിരുന്ന സിഎച്ച് ഇബ്രാഹിം ഹാജിയുടെ സഹോദര പുത്രനായ അക്ബര്‍ ചാലിലകത്താണ് റിബലായി രംഗത്തുള്ളത്. ഇവിടെ പരപ്പന്‍ അബ്ദുള്‍ റഹ്മാനാണ് യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി.

29 ാം ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സിച്ച് മുജീബിനെതിരെ ഒരു മുന്‍ പഞ്ചായത്ത് അംഗത്തിന്റെ ഭര്‍ത്താവായ സി എം അബ്ദുള്‍ ജബ്ബാര്‍ മത്സതരരംഗത്തുണ്ട്.

തിരൂരങ്ങാടിയില്‍ വളരെ കുറച്ച് കാലം മാത്രമെ മുസ്ലിംലീഗും കോണ്‍ഗ്രസും ഐക്യത്തിന്റെ പാതയില്‍ സഞ്ചരിച്ചിരുന്നൊള്ളു. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയില്‍ പോലും കടുത്ത തര്‍ക്കങ്ങളാണ് ഇരു പാര്‍ട്ടികളും തമ്മിലുണ്ടായിരുന്നത്.

സീറ്റ് വിഭജനത്തിന് ശേഷം വ്യാപകമായി വിമതര്‍ മത്സരിപ്പിക്കുകയും ജയിച്ചുകഴിഞ്ഞാല്‍ തങ്ങളുടെ കൂടെ നിര്‍ത്തുകയും ചെയ്യുക എന്ന അടവ് നയം മലപ്പുറം ജില്ലയില്‍ കഴിഞ്ഞ തവണ ലീഗ് പരീക്ഷിച്ചിട്ടുണ്ട്. ജില്ലയിലെ നിലവിലെ പഞ്ചായത്ത് ഭരണസമിതികളില്‍ പലതിലും ഇത് മൂലം ലീഗിന് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചിട്ടുമുണ്ട്.