ഫിനിക്‌സ് മാഗസിന്‍ അവാര്‍ഡ് പി.എസ്.എം.ഒ. കോളേജിന് സമ്മാനിച്ചു

Story dated:Monday January 9th, 2017,03 12:pm
sameeksha sameeksha

കോട്ടക്കല്‍: രോഹിത് വെമുലയുടെ സ്മരണാര്‍ഥം ഫിനിക്‌സ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ കോളേജ് മാഗസിന്‍ അവാര്‍ഡ് പി.എസ്.എം.ഒ. കോളേജിന് സമ്മാനിച്ചു. 2016ല്‍ ക്യാമ്പസുകളില്‍ പുറത്തിറക്കിയ മാഗസിനുകള്‍ക്കാണ് അവാര്‍ഡ്. പി.എസ്.എം.ഒ. കോളേജിന്റെ ‘അസര്‍മുല്ലയും ഞൊട്ടങ്ങയും പൂമ്പാറ്റയും പൂത്താങ്കീരിയും ഹാജര്‍ പറയുന്നു’ എന്ന മാഗസിനാണ് അവാര്‍ഡിനായി തിരഞ്ഞെടുത്തത്. ഷമീം താനി വളപ്പിലാണ് അവാര്‍ഡിനര്‍ഹമായ മാഗസിന്റെ എഡിറ്റര്‍.
ഉപഹാരവും 5001 രൂപയുമടങ്ങുന്നതാണ് അവാര്‍ഡ്. കോട്ടക്കല്‍ അധ്യാപകഭവനില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനവും അവാര്‍ഡ് വിതരണവും വി.ടി.ബല്‍റാം എം.എല്‍.എ. നിര്‍വ്വഹിച്ചു. സാംസ്‌കാരിക നായകര്‍ക്ക് പോലും അവരുടെ അഭിപ്രായം തുറന്ന് പറയാന്‍ കഴിയാത്ത കാലത്ത് സര്‍ഗാത്മകതയെ പ്രധിഷേധസ്വരങ്ങളാക്കാന്‍ പുതിയ തലമുറ മുന്നോട്ട് വരണമെന്ന് വി.ടി.ബല്‍റാം ആവശ്യപ്പെട്ടു.
ചടങ്ങില്‍ സാഹിത്യകാരന്‍ പി.സുരേന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. ഫിനിക്‌സ് ഫൗണ്ടേഷന്‍ പ്രസിഡണ്ട് എന്‍.കെ. അഫ്‌സല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു.
ചിത്രകാരി ദുര്‍ഗാ മാലതി, പ്രൊഫ. ശരീഫ് ചെമ്മാട്, നസീര്‍ മേലേതില്‍, മാഗസിന്‍ എഡിറ്റര്‍ ഷമീം താനി വളപ്പില്‍, ഫിനിക്‌സ് ജനറല്‍ സെക്രട്ടറി കെ.എം. ശാഫി, ഭാരവാഹികളായ എം പി മുഹ്‌സിന്‍, അഷ്‌റഫ് തെന്നല, അനീസ് കൊര്‍ദോവ, ടി.പി.ഹാരിസ്, നിസാജ് എടപ്പറ്റ, വി.കെ.എ. ജലീല്‍, സലീം വടക്കന്‍, സമദ് ഐ.ടി.പി.സി, നിയാസ് താഴത്തേതില്‍, വി.കെ.എ. മജീദ് എന്നിവര്‍ സംസാരിച്ചു.