കുടിവെള്ള പ്രശ്‌നം രൂക്ഷമായിട്ടും അവഗണിച്ച്‌ നഗരസഭ: ആശ്വാസം നല്‍കി മൈത്രി ക്ലബ്ബ്‌ പ്രവര്‍ത്തകര്‍ രംഗത്ത്‌

By ഇഖ്‌ബാല്‍ പാലത്തിങ്ങല്‍|Story dated:Friday May 27th, 2016,10 34:am
sameeksha
കരുമ്പില്‍ മൈത്രി സ്‌പോര്‍ട്‌സ്‌ ക്ലബ്ബ്‌ പ്രവര്‍ത്തകര്‍ സൗജന്യമായി കുടിവെള്ള വിതരണം നടത്തുന്നു.
കരുമ്പില്‍ മൈത്രി സ്‌പോര്‍ട്‌സ്‌ ക്ലബ്ബ്‌ പ്രവര്‍ത്തകര്‍ സൗജന്യമായി കുടിവെള്ള വിതരണം നടത്തുന്നു.

തിരൂരങ്ങാടി: നഗരസഭയിലെ വിവിധ സ്ഥലങ്ങളില്‍ കുടിവെള്ള പ്രശ്‌നം രൂക്ഷമായതിനില്‍ ജനങ്ങളുടെ ദുരിതം ഇപ്പോഴും തുടരുകയാണ്‌. വേനല്‍ മഴ പലതവണ പെയ്‌തെങ്കിലും ഇവിടെ വെളളമെത്തിയിട്ടില്ല. നഗരസഭയിലെ കിഴക്കന്‍ മേഖലകളായ വെന്നിയൂര്‍, കാച്ചടി, കൊടിമരം, കരുമ്പില്‍, ചുള്ളിപ്പാറ,കക്കാട്‌ എന്നിവിടങ്ങളില്‍ പല വീടുകളിലേയും കിണറുകള്‍ വറ്റിക്കിടക്കുകയാണ്‌. പൈപ്പ്‌ ലൈന്‍ വഴിയുള്ള ജലവിതരണം കാര്യക്ഷമമായി നടക്കുന്നുമില്ല. നഗരസഭയുടെ ജലവിതരണം ചില ദിവസങ്ങളില്‍ മാത്രമാണ്‌ ഇവിടങ്ങളില്‍ നടന്നതെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌. സന്നദ്ധ സംഘടനകളും മറ്റും വാഹനങ്ങളില്‍ എത്തിക്കുന്ന വെള്ളത്തിനായി കാത്തിരിക്കുന്നവരാണ്‌ ഈ മേഖലയിലെ ഭൂരിഭാഗം വീട്ടുകാരും. കരുമ്പില്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മൈത്രി സ്‌പോര്‍ട്‌സ്‌ വെല്‍ഫെയര്‍ ക്ലബ്ബ്‌ പ്രവര്‍ത്തകര്‍ നാലായിരത്തോളം ലിറ്റര്‍ വെള്ളം ഈ ഭാഗങ്ങളില്‍ കഴിഞ്ഞ ഒന്നര മാസമായി ഓരോ ദിവസങ്ങളിലും സൗജന്യമായി വിതരണം നടത്തുന്നുണ്ട്‌. കൂരിയാട്ട്‌ നിന്നും ടാങ്കുകളില്‍ നിറച്ച്‌ വാഹനങ്ങളിലാക്കിയാണ്‌ പ്രദേശത്തെ വീടുകളില്‍ വെള്ളമെത്തിക്കുന്നത്‌. കഴിഞ്ഞ വര്‍ഷങ്ങളിലും മൈത്രി ക്ലബ്ബ്‌ ജലവിതരണം നടത്തിയിരുന്നു. ക്ലബ്ബ്‌ ഭാരവാഹികളായ നരിമടക്കന്‍ ശിഹാബ്‌, പി.ടി.ഫൈസല്‍, ടി.അബ്ദുസമദ്‌, ജംഷീര്‍ മുക്കന്‍, റഹിം പറമ്പില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ്‌ ജലവിതരണം.

ഫോട്ടോ : കരുമ്പില്‍ മൈത്രി സ്‌പോര്‍ട്‌സ്‌ ക്ലബ്ബ്‌ പ്രവര്‍ത്തകര്‍ സൗജന്യമായി കുടിവെള്ള വിതരണം നടത്തുന്നു.