തേഞ്ഞിപ്പാലത്ത് വാഹനപരിശോധനയ്ക്കിടെ എസ്‌ഐയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

untitled-1-copyമലപ്പുറം: വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. തേഞ്ഞിപ്പാലം എസ്‌ഐ അഭിലാഷിനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയത്. ഇന്നലെ രാത്രി മറ്റു പോലീസുകാര്‍ക്കൊപ്പം വാഹന പരിശോധന നടത്തുന്നതിനിടയിലാണ് സംഭവം ഉണ്ടായത്. പരിശോധിക്കാനായി കൈകാണിച്ച് നിര്‍ത്തിയ വാഹനത്തില്‍ നിന്നും യാതൊരു പ്രകോപനവും കൂടാതെ വണ്ടിയിലുള്ളവര്‍ എസ്‌ഐയെ തട്ടികൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു.

കൂടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ അവസരോചിതമായി പെരുമാറിയതിനാല്‍ എസ്‌ഐയെ മോചിപ്പിക്കാന്‍ സാധിച്ചു. വാഹനത്തിലുള്ളവര്‍ എസ്‌ഐയെ ബലമായി വാഹനത്തിലേക്ക് പിടിച്ചു കയറ്റാന്‍ ശ്രമിക്കുകയായിരുന്നത്രെ. ഇതിനിടെ സംഘം വാഹനവുമായി കടന്നു കളയുകയായിരുന്നത്രെ. തുടര്‍ന്ന് പോലീസ് പ്രതികളെ പിന്‍തുടര്‍ന്നെങ്കിലും വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നെന്നാണ് വിവരം. വാഹനത്തില്‍ അഞ്ചോളം പേര്‍ ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

എസ്‌ഐ അഭിലാഷ് നിരവധി കൊട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുത്തിട്ടുണ്ട്. അതുകൊണ്ടു തന്നെ തട്ടികൊണ്ടുപോകല്‍ ശ്രമത്തിന് പിന്നില്‍ കൊട്ടേഷന്‍ സംഘം തന്നെയായിരിക്കാം എന്ന സംശയത്തിലാണ് പോലീസ്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.