റോഡ്‌ മുറിച്ചു കടക്കുന്നതിനിടെ വിദ്യാര്‍ത്ഥി ലോറിയിടിച്ച്‌ മരിച്ചു

അപകടം സീബ്രാലൈനിലൂടെ റോഡ്‌ മുറിച്ചു കടക്കുന്നതിനിടെ
Untitled-1 copyതേഞ്ഞിപ്പലം.മദ്‌റസ വിട്ട്‌ വീട്ടിലേക്ക്‌ മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥി റോഡ്‌ മുറിച്ച്‌ കടക്കവെ ലോറിയിടിച്ച്‌ മരിച്ചു.മേലെചേളാരി പരേക്കാട്ട്‌ വലിയപീടിയേക്കല്‍ നജീബിന്റെ മകന്‍ നിദാശ്‌ നജീബ്‌(10)ആണ്‌ മരിച്ചത്‌.കോയപ്പ ജി.എം.എല്‍.പി സ്‌കൂള്‍,പാണമ്പ്ര ഇസ്സത്തുല്‍ ഇസ്ലാം മദ്‌റസ അഞ്ചാം തരം വിദ്യാര്‍ത്ഥിയായിരുന്നു നിദാശ്‌.ഇന്നലെ ഉച്ചയ്‌ക്ക 12ന്‌ മദ്‌റസ വിട്ട്‌ മടങ്ങവെ പാണമ്പ്ര ദേശീയപാതയില്‍ വെച്ചാണ്‌ അപകടമുണ്ടായത്‌. സീബ്രാലൈനിലൂടെ റോഡ്‌ മുറിച്ച്‌ കടക്കുകയായിരുന്ന നിദാശിനെ ചേളാരി ഭാഗത്ത്‌ നിന്നും വന്ന ലോറി ഇടിക്കുകയാരുന്നു.നിദാശിന്‌ റോഡ്‌ മുറിച്ചു കടക്കാന്‍ സൗകര്യമാകും വിധം സീബ്രലൈനിന്‌ സമീപം നിറുത്തിയ ബൈക്കിനെയും ലോറി ഇടിച്ച്‌ തെറിപ്പിച്ചു.ശേഷമാണ്‌ ലോറി വിദ്യാര്‍ത്ഥിയെ ഇടിച്ചത്‌.നിദാശിനെ ഉടനെ താഴെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ നടന്ന പോസ്‌റ്റുമോര്‍ട്ടത്തിന്‌ ശേഷം വൈകുന്നേരം ആറിന്‌ പാണമ്പ്ര ജുമാമസ്‌ജിദ്‌ ഖബര്‍സ്ഥാനില്‍ ഖബറടക്കി. ശഹനാസാണ്‌ നിദാശിന്റെ മാതാവ്‌. നഹാസ്‌ നജീബ്‌,നബ്‌ഹാന്‍ നജീബ്‌ സഹോദരങ്ങളാണ്‌.

ബൈക്ക്‌ യാത്രികനായിരുന്ന മേലെചേളാരി പള്ളിയാളി കുട്ടിയാസുവിന്റെ മകന്‍ സതീഷി(27)നെ ഗുരുതര പരുക്കുകളോടെ കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.ലോറി ഡ്രൈവര്‍ക്കെതിരെ നരഹത്യാ വകുപ്പില്‍ കേസെടുത്തതായി തേഞ്ഞിപ്പലം പൊലീസ്‌ പറഞ്ഞു.