ബൈക്കിലെത്തി പ്രായമായവരുടെ മാല പൊട്ടിക്കുന്ന നവ ദമ്പതികള്‍ അറസ്റ്റില്‍

തൃപ്പുണിത്തുറ: ബൈക്കിലെത്തി പ്രായമായവരുടെ മാലപൊട്ടിക്കുന്ന നവ ദമ്പതികള്‍ പോലീസ് പിടിയിലായി. തൃപ്പുണിത്തുറയിലാണ് സംഭവം നടന്നത്. വഴിചോദിക്കാനായി നിര്‍ത്തി പ്രായമായവുടെ കഴുത്തില്‍ നിന്നും മാല പൊട്ടിക്കുന്നതായിരുന്നു ഇവരുടെ രീതി. നെട്ടൂര്‍ കളപ്പുരയ്ക്കല്‍ ലതീഷ്(32), ഭാര്യ മായ (34) എന്നിവരാണ് സിഐ പി.എസ് ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്.

കഴിഞ്ഞദിവസം ഉദയംപേരൂര്‍ അരയശേരില്‍ ക്ഷേത്രത്തിന് സമീപം എംഎല്‍എ റോഡില്‍ മത്സ്യക്കച്ചവടം കഴിഞ്ഞശേഷം മടങ്ങി വരികയായിരുന്ന നാരായണിയോട് വഴിചോദിക്കുന്നതിനിടെ മാല പൊട്ടിച്ച് ഇവര്‍ കടന്നു കളയുകയായിരുന്നു. ഈ സമയത്ത് റോഡില്‍ വീണ് നാരായണക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ സമയം ഇതുവഴി വന്ന നാട്ടുകാരനായ യുവാവ് ഇവരുടെ ബൈക്കിന്റെ നമ്പര്‍ കുറിച്ചെടുത്ത് പോലീസിന് നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
സമാനമായ രീതിയില്‍ പ്രതികള്‍ എറണാകുളം ജില്ലയിലെ പല സ്ഥലങ്ങളില്‍ നിന്നും മാല പൊട്ടിച്ചതായി പോലീസ് പറഞ്ഞു. പ്രായമായ സ്ത്രീകളെ മാത്രം കണ്ടെത്തിയാണ് ഇവര്‍ പരിപാടി നടത്തിയിരുന്നത്.

ഭാര്യയുമായി യാത്ര പോകുന്നു എന്ന് പറഞ്ഞാണ് സുഹൃത്തുക്കളില്‍ നിന്ന് ബൈക്കൊപ്പിച്ച് ഇരുവരും മാലപൊട്ടിക്കല്‍ നടത്തിയിരുന്നത്. ഇവര്‍ ഉപയോഗിച്ചിരുന്ന ബൈക്കുകളെല്ലാം പോലീസ് കണ്ടെത്തി.