8​-‍ാമത് ഇറ്റ്ഫോകിന്റെ തിരശ്ശീല വീണു 

theatre-festival-kerala-closing-ceremony copyതൃശൂര്‍: ലോകോത്തര നാടകങ്ങളുടെ അപൂർവ്വദൃശ്യാനുഭവം നല്കിയ ഇറ്റ്ഫോക്ക്-2016 ലളിതമായ ചടങ്ങുകളോടെ സമാപിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ പരിസരത്ത് ഒരാഴ്ച്ച ഉത്സവപ്രതീതി തന്നെയായിരുന്നു. ഏഷ്യൻ,യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള നാടകങ്ങളും ഇന്ത്യയിലെയും കേരളത്തിലെയും മികച്ച നാടകങ്ങളും മേളയിൽ അരങ്ങേറി. നാടകങ്ങൾക്ക് പുറമേ മീറ്റ് ദെ ആർട്ടിസ്റ്റ്,സിനിമാ പ്രദർശനം,റേഡിയോ നാടകം,ചിത്രപ്രദർശനം,അനുസ്മരണം,സംഗീത പരിപാടികൾ,മോഹിനിയാട്ടം,ചാക്യാർകൂത്ത് തുടങ്ങിയ പരിപാടികളും മേളയ്ക്ക് ഉത്സവച്ഛായ പകർന്നു.

അക്കാദമി സെക്രട്ടറി കൃഷ്ണൻ നായർ മേളയിൽ പങ്കെടുത്ത ആർട്ടിസ്റ്റുകൾക്കും സാങ്കേതിക വിദഗ്ധർക്കും പ്രേക്ഷകർക്കും മേളയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച എല്ലാവർക്കും നന്ദി പറഞ്ഞു. ആർട്ടിസ്റ്റിക് ഡയറക്ടർ ശങ്കർ വെങ്കിടേശ്വരൻ വിദേശ ഡെലിഗേറ്റുകളെ അനുമോദിച്ചു.
അവസാനദിവസം ഡെൽഹിയിൽ നിന്നുള്ള മല്ലിക തനേജ അവതരിപ്പിച്ച ‘തോഡ ധ്യാൻ സെ’ എന്ന നാടകം ശരീരത്തിന്റെ രാഷ്ട്രീയം എന്ന ഇറ്റ്ഫോക്-2016ന്റെ തീമിനെ വളരെ തീവ്രമായി ആവിഷ്കരിക്കുന്നതായിരുന്നു. തന്റെ നഗ്നതയെ ഒരു കലാകാരിക്ക് പരമ്പരാഗത സങ്കല്പങ്ങളെ ഭേദിച്ച് സ്വയം ഒരു സന്ദേശമാക്കാനും സ്ത്രീശരീരത്തെക്കുറിച്ചുള്ള നിഗൂഢതകളെ അനാവരണം ചെയ്യാനും അതിലൂടെ പ്രേക്ഷകന്റെ മനസ്സിനെ പിടിച്ചുകുലുക്കാനും കഴിയുമെന്ന് ഇതിലൂടെ കാണിച്ചു തരുന്നു.
അടുത്ത വർഷം കൂടുതൽ ദൃശ്യാനുഭവങ്ങൾ പ്രതീക്ഷിച്ചുകൊണ്ടു നാടകസ്നേഹികൾ വിവിധ രാജ്യങ്ങളിലേക്കും വീടുകളിലേക്കും മടങ്ങി.