മലബാറിലെ ഏറ്റവും വലിയ ഈദ്‌ ഗാഹ്‌ പൊന്നാനിയില്‍ ഒരുങ്ങുന്നു


ponnaniകഥാകൃത്ത്‌ പി. സുരേന്ദ്രന്‍, പൊന്നാനി എസ്‌ഐ ശശീന്ദ്രന്‍ എന്നിവര്‍ സൗഹൃദ പ്രതിനിധികളായി പങ്കെടുക്കും
സംയുക്ത ഈദ്‌ ഗാഹ്‌ പൊന്നാനി ഫിഷിംഗ്‌ ഹാര്‍ബറില്‍

പൊന്നാനി:ബലി പെരുന്നാള്‍ നമസ്‌ക്കാരത്തിനായുള്ള സംയുക്ത ഈദ്‌ ഗാഹിന്‌ പൊന്നാനി ഫിഷിംഗ്‌ ഹാര്‍ബറില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.പെരുന്നാള്‍ നമസ്‌ക്കാരം തിങ്കളാഴച്ച കാലത്ത്‌ 7:30 ന്‌ നടക്കും.നമസ്‌ക്കാരത്തിന്‌ മുജാഹിദ്‌ പണ്ഡിതനും പുളിക്കല്‍ ജാമിഅ സലഫിയ്യ പ്രിന്‍സിപ്പാളുമായ ടി.പി അബ്ദുറസാഖ്‌ ബാഖവി നേതൃത്വം നല്‍കും.പതിനായിരത്തിലേറെ പേര്‍ക്ക്‌ നമസ്‌ക്കരിക്കാവുന്ന സൗകര്യമാണ്‌ ഹാര്‍ബറില്‍ ഒരുക്കിയിരിക്കുന്നത്‌.ആരോഗ്യ പ്രശ്‌നം നേരിടുന്നവര്‍ക്കും വീല്‍ ചെയറില്‍ എത്തുന്നവര്‍ക്കും നമസ്‌ക്കാരത്തില്‍ പങ്കെടുക്കാന്‍ പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്‌. ഈദ്‌ ഗാഹില്‍ എത്തുന്നവര്‍ അംഗശുദ്ധി വരുത്തി നിലത്ത്‌ വിരിക്കാനുള്ള പടവുമായി വരണം. ഈദ്‌ ഗാഹില്‍ കഥാകൃത്ത്‌ പി സുരേന്ദ്രന്‍, പൊന്നാനി എസ്‌ ഐ ശശീന്ദ്രന്‍ മേലേയില്‍ എന്നിവര്‍ സൗഹൃദ പ്രതിനിധികളായി പങ്കെടുക്കും.
പൊന്നാനി ഫിഷിംഗ്‌ ഹാര്‍ബറിലെ സംയുക്ത ഈദ്‌ ഗാഹ്‌ അഞ്ച്‌ വര്‍ഷം പിന്നിടുകയാണ്‌. സ്‌ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനാളുകളാണ്‌ ഈദ്‌ ഗാഹില്‍ പങ്കെടുക്കുന്നത്‌. മലബാറിലെ ഏറ്റവും വലിയ ഈദ്‌ ഗാഹ്‌ എന്ന നിലയിലാണ്‌ പൊന്നാനിയിലെ സംയുക്ത ഈദ്‌ ഗാഹ്‌ വിലയിരുത്തപ്പെടുന്നത്‌. മുജാഹിദ്‌ വിഭാഗങ്ങളും ജമാഅത്തെ ഇസ്ലാമിയുമാണ്‌ നമസ്‌ക്കാരത്തിന്‌ നേതൃത്വം നല്‍കി വരുന്നത്‌.കഴിഞ്ഞ വര്‍ഷങ്ങില്‍ ഡോ.ഹുസൈന്‍ മടവൂര്‍, ടി.ആരിഫലി, മുഹമ്മദ്‌ അമീന്‍, അബ്ദുല്‍ ലത്തീഫ്‌ കരിമ്പുലാക്കല്‍, ജമാല്‍ കുവൈറ്റ്‌, അഷ്‌റഫ്‌ ചെട്ടിപ്പടി, പി എം എ ഗഫൂര്‍ എന്നിവരാണ്‌ നേതൃത്വം നല്‍കിയത്‌.
സംയുക്ത ഈദ്‌ഗാഹിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്‌.സമൂഹം നേരിടുന്ന അധാര്‍മ്മിക പ്രവണതകള്‍ക്കും സാമൂഹ്യ വിപത്തുകള്‍ക്കുമെതിരെ കൂട്ടായ്‌മ രൂപപ്പെടുത്താന്‍ ശ്രമം നടത്തും.ജീവകാരുണ്യ, സേവന മേഖലകളില്‍ സംയുക്തമായ ഇടപെടലിന്‌ സാഹചര്യമൊരുക്കും.