താനെയില്‍ കെട്ടിടം തകര്‍ന്ന്‌ 6 മരണം

Story dated:Tuesday August 4th, 2015,11 03:am

thane-building-collapsedതാനെ: മഹാരാഷ്ട്രയിലെ താനയില്‍ കെട്ടിടം തകര്‍ന്നു വീണ്‌ 6 പേര്‍ മരിച്ചു. കെട്ടിടത്തിനുള്ളില്‍ പത്തോളം ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ്‌ റിപ്പോര്‍ട്ട്‌. 50 വര്‍ഷം പഴക്കമുള്ള കെട്ടിടമാണ്‌ തകര്‍ന്നു വീണത്‌. രക്ഷാപ്രവര്‍ത്തനം നടന്നു വരികയാണ്‌. കൃഷ്‌ണ നിവാസ്‌ എന്ന മൂന്ന്‌ നില കെട്ടിടമാണ്‌ തകര്‍ന്നുവീണത്‌. ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെയാണ്‌ അപകടം നടന്നത്‌.

അഞ്ചുകുടുംബങ്ങളാണ്‌ ഈ കെട്ടിടത്തില്‍ താമസിച്ചിരുന്നത്‌. ഈ കെട്ടിടം ഒഴിയാന്‍ ആവശ്യപ്പെട്ട്‌ കോര്‍പ്പറേഷന്‍ താമസക്കാര്‍ക്ക്‌ നേരത്തെ നോട്ടീസ്‌ നല്‍കിയിരുന്നു. അപകടത്തെ തുടര്‍ന്ന്‌ താനെ കളക്ടര്‍ അശ്വനി ജോഷി, മന്ത്രി ഏക്‌നാഥ്‌ ഷിന്‍ഡെ എന്നിവര്‍ സ്ഥലത്തെത്തി. ഫയര്‍ഫോഴ്‌സും ദേശീയ ദുരനന്ത നിവാരണ സേനയും ചേര്‍ന്നാണ്‌ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്‌.

കഴിഞ്ഞമാസം 29 ന്‌ താനെയില്‍ കെട്ടിടം തകര്‍ന്നു വീണ്‌ മലയാളി ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചിരുന്നു. കനത്തമഴയായിരുന്നു കഴിഞ്ഞ ദിവസം ഇവിടെ. കാലപ്പഴക്കമാണ്‌ തകര്‍ച്ചയ്‌ക്ക്‌ കാരണമെന്നാണ്‌ അധികൃതര്‍ നല്‍കുന്ന വിശദീകരണം.