വസ്ത്രത്തിനും വിശുദ്ധ വചനങ്ങള്‍ക്കുമപ്പുറത്ത്

ടി ഗുഹന്‍ ആരായിരുന്നു ?

കവിയും ചിത്രകാരനും, ജീവിക്കാന്‍ കണക്കെഴുത്തും അതിജീവിക്കാന്‍ കവിയെഴുത്തും എഴുപതുകള്‍ എണ്‍പതുകള്‍ എന്ന് ഇന്നും വികാരഭരിതമായി വിശേഷിപ്പിക്കപ്പെടുന്ന കാലം.. കേരളീയ യുവത്വം എത്രയും സര്‍ഗാത്മകമായിരുന്ന കാലം കൂടിയായിരുന്നു അത്. ജീവിത്തെ എന്തെന്നില്ലാതെ സ്‌നേഹിച്ച കുറേ ചെറുപ്പക്കാര്‍, നല്ല ഭാവിയില്‍ പ്രതീക്ഷയര്‍പ്പിച്ചവര്‍, അവര്‍ അരുതായ്മകളൊന്നും സഹിച്ചില്ല. ഒന്നിനും കീഴടങ്ങിയില്ല. അവര്‍ ജ്വലിച്ചു. കലഹിച്ചു. എളുപ്പം നേടാവുന്നതെല്ലാം ഉപേക്ഷിച്ചു. ‘അക്രമാസക്തമായ പ്രണയം’, വിപ്ലവം, പെയ്തിറങ്ങിയ സ്വപ്നങ്ങള്‍, തകര്‍പ്പന്‍ നട്ടുച്ചകള്‍, മുച്ചൂടും ത്രസിപ്പിച്ച വായനാനുഭവങ്ങള്‍, വേദനയുടെ വന്‍കരകള്‍, ധൂര്‍ത്ത യൗവനം.

കോഴിക്കോട് ഗുഹന്റെ രാത്രി നഗരം. അലഞ്ഞതും നേരം കളഞ്ഞതും അവിടെ. മദ്യവും കവിതയും അവനെ ഉന്മാദിയാക്കി. സൂക്ഷ്മ രേഖകളില്‍ അവന്‍ കോറി വെച്ച വിക്ഷുബ്ധതകള്‍. ആ ചിത്രങ്ങളുടെ ശില്പ ഭദ്രത പക്ഷെ ആ അശാന്ത ജന്മത്തിനു ലഭിച്ചില്ല. മറുകരയോ ഇടത്താവളങ്ങളോ ഇല്ലാത്ത യാത്ര. അപൂര്‍വ്വ സൗഹൃദങ്ങളായിരുന്നു ചിലപ്പോഴെങ്കിലും അഭയം. ഒടുവില്‍ അവന്‍ ആ സാധ്യതയും തിരസ്‌കരിച്ചു. ഗുഹനില്ലാത്ത കോഴിക്കോടന്‍ രാത്രികള്‍ക്ക് ഇരുപതു വര്‍ഷം. ഒട്ടും സമയം കളയാന്‍ ഇല്ലെന്നതു പോലെ അവന്റെ സാഹസികമായ സമാപനം. ശരീരത്തിന്റെ പേരില്‍ അഹങ്കരിക്കുന്നവര്‍ക്കു മുമ്പില്‍ അഭിമാനപൂര്‍വ്വം അത് വലിച്ചെറിഞ്ഞ് പകരം വീട്ടി കടന്നുപോയവന്‍.