പഞ്ചാബില്‍ വ്യോമസേനാ കേന്ദ്രത്തിന്‌ നേരെ ഭീകരാക്രമണം

attackചണ്ഡിഗഢ്‌: പഞ്ചാബിലെ പത്താന്‍കോട്ടില്‍ ഭീകരാക്രമണം. വ്യോമസേനയുടെ കേന്ദ്രത്തിനു നേരെ ശനിയാഴ്‌ച പുലര്‍ച്ചെയാണ്‌ ആക്രമണമുണ്ടായത്‌. ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. ഭീകരരുടെ ആക്രമണത്തില്‍ ഒരു ടാക്‌സി ഡ്രൈവറും മരണപ്പെട്ടു. സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്‌. നാലംഗ സംഘമാണ്‌ ആക്രമണം നടത്തിയതെന്നാണ്‌ പ്രാഥമിക വിവരം. ആക്രമണത്തെ കുറിച്ചുള്ള ഉന്നതതല യോഗം ദില്ലിയില്‍ ചേരുന്നുണ്ട്‌.

ഹെലികോപ്‌ടറുകളും യുദ്ധവിമാനങ്ങളും തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ്‌ ഭീകരര്‍ വ്യോമസേനാകേന്ദ്രത്തിലേക്ക്‌ പുലര്‍ച്ചെ മൂന്ന്‌ മണിക്ക്‌ ആക്രമണം നടത്തിയതെന്നാണ്‌ സൂചന. പോലീസ്‌ വാഹനത്തിലെത്തിയ ഭീകരരാണ്‌ വെടിയുതിര്‍ത്തത്‌. കഴിഞ്ഞദിവസം തന്നെ ആക്രമണം ഉണ്ടാകുമെന്ന രഹസ്യവിവരം കേന്ദ്രത്തിന്‌ ലഭിച്ചിരുന്നതായാണ്‌ സൂചന. ചില ഭീകരര്‍ അതിര്‍ത്തി കടന്നതായും രഹസ്യാന്വേഷണ വിഭാഗത്തിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌.

ഈ പ്രദേശത്തു നിന്ന്‌ കുറച്ച്‌ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ ഒരു പോലീസ്‌ ജീപ്പ്‌ ഭീകരര്‍ തട്ടിയെടുത്തിരുന്നു. വെടിവെയ്‌പ്പ്‌ ഉണ്ടായതിനെ തുടര്‍ന്ന്‌ ദേശീയ സുരക്ഷാ സേനയും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്‌. ആറ്‌ മാസം മുമ്പ്‌ ഗുരുദാസ്‌പൂരില്‍ നടന്ന സമാനമായ ആക്രമണത്തില്‍ മൂന്ന്‌ സാധാരണക്കാരും നാല്‌ പോലീസുകാരും കൊല്ലപ്പെട്ടിരുന്നു. അന്ന്‌ മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ്‌ ഭീകരരെ വധിച്ചത്‌.