കാശ്‌മീരില്‍ തീവ്രവാദി ആക്രമണം; 10 പേര്‍ മരിച്ചു

28-terroristശ്രീനഗര്‍: സൈനീകരുടെ വേഷത്തിലെത്തി തീവ്രവാദികള്‍ നടത്തിയ മിന്നലാക്രമണത്തില്‍ കാശ്‌മീരില്‍ 10 പേര്‍ മരിച്ചു. ജമ്മുകശ്‌മീര്‍ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ അര്‍ണിയ നഗരത്തിനരികെയുള്ള സൈനീക കേന്ദ്രത്തിനു നേരെയായിരുന്നു തീവ്രവാദികളുടെ ആക്രമണം.

സംഭവത്തില്‍ 10 പേര്‍ മരിച്ചു. 4 തീവ്രവാദികളും 3 സൈനികരും 3 സിവിലിയന്‍മാരുമാണ്‌ കൊല്ലപ്പെട്ടത്‌. കാഠ്‌മണ്ഡുവില്‍ ഇന്ത്യപാക്‌ പ്രധാനമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സാര്‍ക്‌ ഉച്ചകോടിയില്‍ പങ്കെടുത്ത്‌ വരവെയാണ്‌ തീവ്രവാദികളുടെ ആക്രമണമെന്നത്‌ ശ്രദ്ധേയമാണ്‌. ഇന്ത്യ പാക്‌ അതിര്‍ത്തിയില്‍ നിന്നും 4 കിലോമീറ്റര്‍ മാത്രം അകലെയാണ്‌ അര്‍ണിയ.

തീവ്രവാദികള്‍ ഗ്രാമത്തിലേക്ക്‌ നുഴഞ്ഞുകയറിയവിവരം ഗ്രാമവാസികള്‍ സൈനീകരെ അറിയിച്ചിരുന്നു. ഇതെ തുടര്‍ന്ന്‌ സൈന്യം തെരച്ചില്‍ നടത്തിവരവെയാണ്‌ ഗ്രാമത്തിലെ ഒരു വീട്ടില്‍ ഒളിച്ചിരുന്ന തീവ്രവാദികളെ സൈന്യ കണ്ടെത്തിയത്‌. തുടര്‍ന്ന്‌ സൈന്യവും തീവ്രവാദികളും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍ നടന്നു.

സംസ്ഥാന നിയമസഭയിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പ്‌ ബഹിഷ്‌കരിക്കാനുള്ള തീവ്രവാദികളുടെ ആഹ്വാനം ജനങ്ങള്‍ തള്ളിക്കളഞ്ഞതിനെ തുടര്‍ന്ന്‌ തീവ്രമാദി ആക്രമണം ഉണ്ടായേക്കുമെന്ന്‌ രഹസ്യവിവരമുണ്ടായിരുന്നു.