ജമ്മു കശ്‌മീരില്‍ ഭീകരാക്രമണം; നാല്‌ സൈനികര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ ഉറയില്‍ സൈനികകേന്ദ്രത്തിന്‌ നേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ നാല്‌ സൈനികര്‍ കൊല്ലപ്പെട്ടു. എട്ടുപേര്‍ക്കു പരുക്കേറ്റു.  ബ്രിഗേഡിന്റെ ആസ്ഥാനത്താണ്‌ ആക്രമണം ഉണ്ടായിരിക്കുന്നത്‌. സൈനിക കേന്ദ്രത്തില്‍ മൂന്നു ഭീകരര്‍ കടന്നുകയറിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബ്രിഗേഡ് ആസ്ഥാനത്തിനുള്ളില്‍ ഇപ്പോളും കനത്ത ഏറ്റുമുട്ടല്‍ തുടരുകയാണ്. ഭീകരര്‍ ക്യാമ്പിനുള്ളില്‍ തുടരുകയാണെന്നാണ് സൂചന. ശ്രീനഗര്‍ – മുസഫറാബാദ് ഹൈവേയ്ക്കരികിലാണു സൈനിക കേന്ദ്രം. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു ആക്രമണം. വെടിവയ്പ്പില്‍ ചില ബാരക്കുകള്‍ക്കു തീപിടിച്ചു. നിയന്ത്രണരേഖയോട് അടുത്ത പ്രദേശമാണിത്.

അതേസമയം, കശ്മീരിലെ സ്ഥിതിഗതികളെത്തുടര്‍ന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് റഷ്യയിലേക്കും യുഎസിലേക്കുമുള്ള യാത്ര റദ്ദാക്കി. അടിയന്തിര ഉന്നതതല യോഗവും മന്ത്രി വിളിച്ചുചേര്‍ത്തിട്ടുണ്ട്.