ടീസ്ത സെതല്‍വാദിന് മുന്‍കൂര്‍ ജാമ്യം

231136_559562337404019_1128171849_n1ന്യൂഡല്‍ഹി: സാമ്പത്തിക ക്രമക്കേട് കേസില്‍ സാമൂഹിക പ്രവര്‍ത്തക ടീസ്ത സെതല്‍വാദിന് മുന്‍കൂര്‍ ജാമ്യം. സാമ്പത്തിക ക്രമക്കേട് ആരോപണത്തില്‍ ചോദ്യം ചെയ്യാനുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനം ചോദ്യം ചെയ്താണ് ടീസ്ത സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയത്. നേരത്തേ, ടീസ്തയുടെ അറസ്റ്റ് സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു. ഇന്നു കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ ടീസ്തയ്ക്കു മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതായി കോടതി അറിയിക്കുകയായിരുന്നു.

ഗുജറാത്ത് കലാപത്തിന് ഇരയായവര്‍ക്കുള്ള ധനസഹായം വഴിമാറ്റി ചെലവഴിച്ചു എന്ന ആരോപണത്തില്‍ ടീസ്തയെയും ഭര്‍ത്താവിനെയും ചോദ്യം ചെയ്യണമെന്ന ഗുജറാത്ത് സര്‍ക്കാരിന്റെ നിലപാടിനെ സുപ്രീം കോടതി ചോദ്യം ചെയ്തു. കേസില്‍ അന്വേഷണം നടത്തണമെങ്കില്‍ ടീസ്തയെ അറസ്റ്റ് ചെയ്തുതന്നെ ചോദ്യം ചെയ്യേണ്ട കാര്യമുണ്ടോ എന്നും സുപ്രീം കോടതി ചോദിച്ചു.

ഗുജറാത്ത് പൊലീസ് അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ആരോപണത്തിനിടയായ സാമ്പത്തിക ഇടപാടിന്റെ രേഖകള്‍ സമര്‍പ്പിക്കാന്‍ ടീസ്തയ്ക്കും മറ്റ് സന്നദ്ധ സംഘടനകള്‍ക്കും കോടതി നിര്‍ദേശം നല്‍കി. ഇതില്‍ വീഴ്ചവരുത്തിയാലോ അന്വേഷണത്തോടു സഹകരിക്കാതിരിക്കുകയോ ചെയ്താല്‍ ജാമ്യം റദ്ദാക്കണമെന്ന് പൊലീസിന് സുപ്രീം കോടതിയോട് ആവശ്യപ്പെടാമെന്നും ജസ്റ്റിസുമാരായ ദീപക് മിശ്ര, ആദര്‍ശ് ഗോയല്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി.

2002 ഫിബ്രവരിയില്‍ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ നടന്ന അക്രമത്തിനിരയായ 12 പേര്‍ ഒരുവര്‍ഷം മുമ്പ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സൊസൈറ്റിയില്‍ അക്രമത്തിനിരയായവരുടെ വീട് പുനര്‍നിര്‍മിക്കുന്നതിനെന്നു പറഞ്ഞ് വിദേശത്തും സ്വദേശത്തുമുള്ള സംഘടനകളില്‍നിന്ന് ഒന്നരക്കോടിയോളം രൂപ പിരിച്ചെടുത്ത ഇവര്‍ അക്രമത്തിന് വിധേയരായവര്‍ക്ക് ഒന്നും നല്‍കിയിട്ടില്ലെന്ന് പരാതിക്കാര്‍ ആരോപിച്ചിരുന്നു.