അധ്യാപക നിയമനം: യോഗ്യതയില്ലാത്തവര്‍ ക്ലാസെടുക്കാന്‍ വന്നാല്‍ പഠിപ്പുമുടക്കുമെന്ന് വിദ്യാര്‍ത്ഥികള്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാല ഹെല്‍ത്ത് സയന്‍സ് പഠനവിഭാഗത്തില്‍ മതിയായ യോഗ്യതയില്ലാത്ത അധ്യാപികയെ നിയമിക്കാന്‍ അധികൃതര്‍ തീരുമാനിച്ചുവെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ഫുഡ് ടെക്‌നോളജി കോഴ്‌സില്‍ ഫുഡ് ആന്റ് ന്യൂട്രീഷന്‍ യോഗ്യതയുള്ള അധ്യാപികയെ നിയമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അറിയിച്ചാണ് ഇന്നലെ വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം സമര രംഗത്തെത്തിയത്.

പ്രതിഷേധത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാല ഭരണകാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തി. നേരത്തെ വിദ്യാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്ന് ഹെല്‍ത്ത് സയന്‍സ് വിഭാഗത്തില്‍ നിന്ന് ഒഴിവാക്കിയ അധ്യാപികയെയാണ് വീണ്ടും നിയമിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. നല്ല നിലയില്‍ ക്ലാസെടുത്തിരുന്ന അധ്യാപകനെ ഒരു വര്‍ഷത്തെ കരാര്‍ കാലാവധി കഴിയുന്ന ഘട്ടത്തില്‍ മാറ്റിയെന്നും സര്‍വ്വകലാശാല ഭരണകാര്യാലയത്തില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിന്റെ സ്വാധീനത്തിലാണ് പുതിയ നിയമനമെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. മതിയായ യോഗ്യതയില്ലാത്ത അധ്യാപിക ക്ലാസെടുക്കാനെത്തിയാല്‍ പഠിപ്പുമുടക്കുമെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. വൈസ് ചാന്‍സലര്‍, പ്രൊ വൈസ് ചാന്‍സലര്‍, സിന്‍ഡിക്കേറ്റംഗങ്ങള്‍ എന്നിവരുടെ അറിവോടെയാണ് നിയമനമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

സമരത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി പ്രതിനിധികളുമായി വിസി അടക്കമുള്ളവര്‍ ചര്‍ച്ച നടത്തി. വിഷയത്തില്‍ വിദ്യാര്‍ത്ഥികളുമായി കൂടിയാലോചിച്ച് ആവശ്യമായ തീരുമാനമെടുക്കുമെന്ന് വിസി ഉറപ്പുനല്‍കിയതായി വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. സമരം കെ. വിവേക് ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് സയന്‍സ് വിദ്യാര്‍ത്ഥികളായ ജാബിര്‍, മുഹമ്മദ് നാഷിദ്, ഡിന്ന സാബു, മുഹമ്മദ് ഖാന്‍ എന്നിവര്‍ പ്രസംഗിച്ചു.