വ്യക്തി സ്വാതന്ത്ര്യത്തിനും ചിന്തകള്‍ക്കും കൂച്ചുവിലങ്ങുമായി ഫാസിസം കൊടികുത്തി വാഴുന്നു;ടി.ഡി രാമകൃഷ്‌ണന്‍

Untitled-1 copyദോഹ: വ്യക്തിസ്വാതന്ത്ര്യത്തിനും ചിന്തകള്‍ക്കും കൂച്ചുവിലങ്ങുമായി ഫാസിസം കൊടികുത്തി വാഴുന്ന കാഴ്ചയാണ് ഇന്ന് കാണുന്നതെന്ന് പ്രശസ്ത സാഹിത്യകാരന്‍ ടി ഡി രാമകൃഷ്ണന്‍ പറഞ്ഞു. സംസ്‌കൃതി കേരളോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ വ്യക്തിയും എന്ത് എഴുതണം, എന്ത് ധരിക്കണം, എന്ത് കഴിക്കണം എന്ന് ഫാസിസ്റ്റ് ശക്തികള്‍ തീരുമാനിക്കുന്ന അവസ്ഥ അത്യന്തം അപകടകരമാണ്. ഇതിനെതിരെയുള്ള ചെറുത്തുനില്‍പ്പ് സമൂഹത്തില്‍ നിന്ന് ഉയര്‍ന്നു വരണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

തന്റെ രാഷ്ട്രീയം തുറന്നു പറഞ്ഞതുകൊണ്ടുമാത്രം അര്‍ഹിക്കുന്നóപരിഗണന കിട്ടാതെ പോയ മഹാനായ സാഹിത്യകാരനായിരുന്നു സി വി ശ്രീരാമന്‍. മലയാള ചെറുകഥാ ലോകത്ത് പകരം വെയ്ക്കാനില്ലാത്ത രചനകളാണ് ശ്രീരാമന്റേതെന്നും അദ്ദേഹം അനുസ്മരിച്ചു. മലയാള സാഹിത്യലോകം ഇന്ന് ഉറ്റുനോക്കുന്നത് പ്രവാസി ഭൂമികയിലേക്കാണ്. ഒട്ടനവധി സംസ്‌കാരങ്ങളുമായി ഇഴുകിച്ചേര്‍ന്ന് ജീവിക്കുന്ന പ്രവാസി എഴുത്തുകാര്‍ക്കിടയില്‍ നിന്ന് പ്രതീക്ഷയുടെ നാമ്പ് ഉണ്ടാവുന്നുണ്ടെന്നത് ആശാവഹമാണെന്ന് ടി ഡി അഭിപ്രായപ്പെട്ടു. സംസ്‌കൃതി- സി വി ശ്രീരാമന്‍ സാഹിത്യ പുരസ്‌കരം മുരളി മുദ്രയ്ക്ക് അദ്ദേഹം സമര്‍പ്പിച്ചു. അരലക്ഷം രൂപയും പ്രശസ്തി ഫലകവുമടങ്ങിയതാണ് പുരസ്‌കാരം. ടി ഡി രാമകൃഷ്ണന്‍ അധ്യക്ഷനും ചലച്ചിത്രകാരനും എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ വി കെ ശ്രീരാമന്‍, പ്രശസ്ത കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്, തിരക്കഥാകൃത്തും എഴുത്തുകാരനുമായ കെ എ മോഹന്‍ ദാസ് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്. സംസ്‌കൃതി പ്രസിഡന്റ് എ കെ ജലീല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ðസെക്രട്ടറി കെ കെ ശങ്കരന്‍, എക്‌സിക്യുട്ടീവ് അംഗവും മുന്‍ പ്രസിഡന്റുമായ ഇ എം സുധീര്‍, സെക്രട്ടറി ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സംസ്‌കൃതി കലാകാരന്മാര്‍ അവതരിപ്പിച്ച കഥകളി, തിരുവാതിര, ഒപ്പന, സംഘനൃത്തം, സംഘഗാനം, നാടന്‍പാട്ട് തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറി.