താനൂര്‍ സ്വദേശി പിടികിട്ടാപ്പുള്ളി കോടതിയില്‍ കീഴടങ്ങി

IMG_20150320_195145 താനൂര്‍: നിരവധി മോഷണക്കേസുകളിലെ പ്രതിയായ താനൂര്‍ സ്വദേശി കോടതിയില്‍ കീഴടങ്ങി. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ചീരാന്‍ കടപ്പുറം പക്കിച്ചിന്റെ പുരക്കല്‍ അയ്യൂബ്‌ എന്ന ഡാനി(35)യാണ്‌ നാടകീയമായി കീഴടങ്ങിയത്‌.

വ്യാഴാഴ്‌ചയാണ്‌ പരപ്പനങ്ങാടി കോടതിയില്‍ അയ്യൂബ്ബ്‌ വക്കീല്‍ മുഖാന്തിരം കീഴടങ്ങിയത്‌. മോഷണത്തിലും തട്ടിപ്പറിയിലും കുപ്രസിദ്ധി നേടിയ ഇയാള്‍ 10 ഓളം കേസുകളില്‍ പ്രതിയാണ്‌. താനൂര്‍ പോലീസ്‌ സ്‌റ്റേഷനില്‍ നിലവില്‍ 3 കേസുകളില്‍ പിടികിട്ടാപ്പുള്ളിയാണ്‌. കോഴിക്കോട്‌ കസബ,തൃത്താല തുടങ്ങിയ സ്‌റ്റേഷനുകളില്‍ അയ്യൂബിനെതിരെ കേസുകളുണ്ട്‌. റജിസ്‌റ്റര്‍ ചെയ്‌തതും അല്ലാത്തതുമായ വേറെയും ഒട്ടനവധി കേസുകള്‍ ഇയാള്‍ക്കെതിരെ ഉണ്ടെന്ന്‌ സൂചനയുണ്ട്‌. 2009 ല്‍ ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരം താനൂര്‍ പോലീസ്‌ കാപ്പ ചുമത്തി അയ്യൂബിനെ ജയിലില്‍ അടച്ചിട്ടുണ്ട്‌. പിടിക്കപ്പെട്ടതും ചുമത്തപ്പെട്ടതുമായ കേസുകള്‍ അധികവും മോഷണം, പിടിച്ചുപറി ആണ്‌. മോഷണത്തിന്‌ ശേഷം ഒളിവില്‍ പോകുന്നത്‌ പതിവാണ്‌. താനൂര്‍ പോലീസ്‌ അയ്യൂബിന്റെ അറസ്‌റ്റ്‌ രേഖപ്പെടുത്തി. അയ്യൂബിന്റെ അറസ്റ്റ്‌ രേഖപ്പെടുത്തി.

അതേസമയം പ്രതിയുടെ കീഴടങ്ങലിന്‌ പിന്നില്‍ ദുരൂഹതയുണ്ടെന്ന്‌ സൂചനയുണ്ട്‌. അയ്യൂബ്‌ പിടിയിലായതോടെ കൂടുതല്‍ കേസുകള്‍ക്ക്‌ തുമ്പുണ്ടാകുമെന്നാണ്‌ പോലീസിന്റെ പ്രതീക്ഷ.

Related Articles