താനൂരില്‍ റൂര്‍ബ്ബന്‍ മിഷന്‍;അവലോകന യോഗം ചേര്‍ന്നു

താനൂര്‍: ഗ്രാമ-നഗര ജീവിത നിലവാരങ്ങളിലുള്ള അന്തരം കുറയ്ക്കുക, ദാരിദ്ര്യവും തൊഴിലില്ലായ്മയും അവസാനിപ്പിക്കുക, പ്രാദേശിക വികസനം ഉറപ്പാക്കുക, ഗ്രാമീണ മേഖലയില്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ ആവിഷ്‌ക്കരിച്ച റൂര്‍ബ്ബന്‍ മിഷന്റെ അവലോകന യോഗം ചേര്‍ന്നു. റൂര്‍ബന്‍ മിഷനില്‍ താനാളൂര്‍-നിറമരുതൂര്‍ ഗ്രാമപഞ്ചായത്തുകളെ ഉള്‍പ്പെടുത്താന്‍ വി. അബ്ദുറഹിമാന്‍ എം.എല്‍.എ സമര്‍പ്പിച്ച പദ്ധതിക്ക് നേരത്തെ അംഗീകാരം നല്‍കിയിരുന്നു. ആദ്യഘട്ടത്തില്‍ 35 കോടി രൂപ അനുവദിച്ചു.

തൊഴില്‍പരിശീലനം, വിദ്യാഭ്യാസം, ആരോഗ്യം, കാര്‍ഷികാനുബന്ധ സേവനങ്ങള്‍, മാലിന്യ നിര്‍മ്മാര്‍ജ്ജനം, ശുദ്ധ ജലവിതരണം, തെരുവുവിളക്കുകള്‍, അഴുക്കുചാലുകള്‍, റോഡുകള്‍, കമ്പ്യൂട്ടര്‍ സാക്ഷരത തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഇതോടെ ഫണ്ട് ലഭ്യമാകും. സംസ്ഥാനത്ത് ആകെ 4 ക്ലസ്റ്ററുകള്‍ക്കാണ് നിലവില്‍ തുക അനുവദിച്ചിട്ടുള്ളത്.

വി.അബ്ദുറഹിമാന്‍ എം.എല്‍.എ വിളിച്ചു ചേര്‍ത്ത യോഗം നിറമരുതൂര്‍ പഞ്ചായത്തില്‍ ചേര്‍ന്നു. യോഗത്തില്‍ നിറമരുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മാടമ്പാട്ട്, വൈസ് പ്രസിഡന്റ് കെ.വി സിദ്ധീഖ്, താനാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മുജീബ് ഹാജി, പഞ്ചായത്തംഗങ്ങളായ കെ.ടി ശശി, കെ. പ്രേമ, പി.വിശ്വനാഥന്‍, ടി.മുസ്തഫ, നാരായണന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles