നാടും നാട്ടാരുമൊരുങ്ങി: താനൂര്‍ ദേവധാര്‍ മേല്‍പ്പാലം ഇന്ന് തുറക്കും

tanur copyതാനൂര്‍ :തിരൂര്‍- പരപ്പനങ്ങാടി റോഡില്‍ ഇനി വഴിമുടക്കാന്‍ ആനപ്പടികളില്ല. മലപ്പുറംജില്ലയുടെ തീരദേശമേഖലയിലെ പ്രധാന റോഡായ തിരൂരിനും പരപ്പനങ്ങാടിക്കുമിടയിലെ അവസാന റെയല്‍വേ ഗേറ്റിന് ഇന്ന് താഴുവീഴും.താനൂര്‍ ദേവധാര്‍ റെയില്‍വേ മേല്‍പ്പാലം ഇന്ന് വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നാടിന് സമര്‍പ്പിക്കും.
താനൂളുര്‍ പഞ്ചായത്തിലെ പുത്തന്‍തെരുവിന് സമീപത്തുനിന്നാരംഭിക്കുന്ന മേല്‍പ്പാലം പടിഞ്ഞാറ് മുലക്കലിനടുത്താണ് അവസാനിക്കുക.

 

എസ്.എം.യു.പി സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന പൊതുസമ്മേളനം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി ഇബ്രാഹിംകുഞ്ഞ് അധ്യക്ഷനാവും. റോഡ്‌സ് ആന്‍ഡ് ബ്രിജസ് ഡെവലപ്‌മെന്റ് കോര്‍പറേഷനും റെയില്‍വേയും സംയുക്തമായാണ് മേല്‍പ്പാലം നിര്‍മിച്ചത്. 2011 ഏപ്രില്‍ 28ന് നിര്‍മാണം ആരംഭിച്ചു പാലത്തിന് റെയില്‍വേയുടെ മൂന്ന് സ്പാനുകളടക്കം 21 സ്പാനുകളുണ്ട്. അപ്രോച്ച് റോഡ് ഉള്‍പ്പെടെ 689 മീറ്റര്‍ നീളവും 8.5 മീറ്റര്‍ വീതിയും റെയില്‍വേട്രാക്കിന് മുകളില്‍ 12 മീറ്റര്‍ വീതിയില്‍ മൊത്തം 17.5 കോടി ചെലവിലാണ് മേല്‍പ്പാലം നിര്‍മിച്ചിരിക്കുന്നത്. ഇതില്‍ ഏഴ് കോടി റെയില്‍വെ വിഹിതമാണ്. മേല്‍പ്പാലത്തിന്റെ അപ്രോച്ച് റോഡ് ഭാഗത്തിന്റെ നിര്‍മാണത്തിന് 13.22 കോടി രൂപയും ട്രാക്കിന് മുകള്‍ഭാഗം നിര്‍മിക്കുന്നതിന് റെയില്‍വേ അഞ്ചുകോടിയും ചെലവാക്കിയിട്ടുണ്ട്.