താനൂരില്‍ പോലീസിനെ ആക്രമിച്ച സംഭവത്തില്‍ 4 ലീഗ്‌ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Untitled-1 copyതാനൂര്‍: താനൂരില്‍ പോലീസിനെ ആക്രമിച്ച കേസില്‍ നാലുപേരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. താനൂര്‍ ചാപ്പപ്പടി സ്വദേശികളായ കോറാച്ചീന്റെ പുരയ്‌ക്കല്‍ ഫിര്‍ദൗസ്‌, കോറാച്ചീന്റെ പുരയ്‌ക്കല്‍ ഷാജഹാന്‍, പള്ളിച്ചന്റെ പുരയ്‌ക്കല്‍ സുഹൈബ്‌, പണ്ടാരകടപ്പുറം തിത്തിരകത്ത്‌ കോയമോന്‍ എന്നിവരാണ്‌ അറസ്‌റ്റിലായത്‌.

കഴിഞ്ഞ ശനിയാഴ്‌ച രാത്രി എട്ടുമണിയോടെയാണ്‌ സുന്നിപ്രവര്‍ത്തകനായ ചാലന്റെ പുരയ്‌ക്കല്‍ അബൂബക്കറിനെ ആക്രമിച്ച കേസിലെ പ്രതിയായ ലീഗ്‌ പ്രവര്‍ത്തകന്‍ ഇസ്‌ഹാഖിനെ പിടികൂടാന്‍ പോയ പോലീസ്‌ സംഘത്തിന്‌ നേരെ ആക്രമണം ഉണ്ടായത്‌. ആക്രമണത്തില്‍ പോലീസുകാരന്റെ കണ്ണിന്‌ ഗുരുതരമായി പരിക്കേല്‍ക്കുകയും എസ്‌ഐ സുമേഷ്‌ സുധാകറിനും അഡീഷണല്‍ എസ്‌ഐ അഭിലാഷിനും, സിവില്‍ പോലീസ്‌ ഓഫീസര്‍ അഭിലാഷിനും പരിക്കേറ്റിരുന്നു.

സംഭവത്തില്‍ നൂറോളം മുസ്ലീംലീഗ്‌ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമം, വഴിതടയില്‍, പോലീസിനുനേരെ അക്രമം, അന്യായമായി സംഘംചേരല്‍, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളില്‍ കേസെടുത്തിരുന്നു.

താനൂര്‍ എസ്‌ഐ സുമേഷ്‌ സുധാകറിന്റെ നേതൃത്വത്തിലാണ്‌ പോലീസ്‌ പ്രതികളെ പിടികൂടിയത്‌. അക്രമസാധ്യതയെ തുടര്‍ന്ന്‌ പ്രദേശത്ത്‌ ശക്തമായ പോലീസ്‌ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.