വിഷുദിനത്തില്‍ വയോധികരെ ആദരിച്ച് എന്റെ താനുരില്‍ ‘പിതൃവന്ദനം’

താനൂര്‍: വിഷുദിനത്തില്‍ വയോധികരെ ആദരിച്ച് താനൂരില്‍ നടത്തിയ ‘പിതൃവന്ദനം’ പരിപാടി എറെശ്രദ്ധേയമായി. എന്റെ താനൂര്‍ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പരിപാടിയാണ് മികച്ച ജനപങ്കാളിത്തംകൊണ്ടും വ്യത്യസ്തതകൊണ്ടും ശ്രദ്ധേയമായത്. ആയിരത്തോളം വയോധികര്‍ പങ്കെടുത്ത ആദരിക്കല്‍ ചടങ്ങ് നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. താനുര്‍ എം.എല്‍.എ വി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്വാതന്ത്ര്യ സമര സേനാനികളെയും കര്‍ഷക തൊഴിലാളികളെയും മത്സ്യതൊഴിലാളികളെയും സ്പീക്കര്‍ പൊന്നാടയണിച്ച് ആദരിച്ചു. വാര്‍ദ്ധക്യം ഒരു ശല്യമായി കരുതു കാലത്ത് താനൂര്‍ പുതിയ മാതൃക തീര്‍ക്കുകയാകുകയാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

താനാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. അബ്ദുല്‍റസാഖ്, ഒഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി. പ്രജിത, തഹസില്‍ദാര്‍ വര്‍ഗീസ് മംഗലം, കെ. ജനചന്ദ്രന്‍ മാസ്റ്റര്‍, ഇ. ജയന്‍, സൈനുല്‍ ആബിദ് തങ്ങള്‍, ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ഡയക്ടര്‍ കെ. ഉസ്മാന്‍ ഹാജി, കൗസിലര്‍മാരായ ടി. അറമുഖന്‍, ഇ. ദിനേശന്‍, കെ. വിവേകാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭാ കൗണ്‍സിലര്‍ പി.ടി. ഇല്ല്യാസ് സ്വാഗതവും സ്വാഗത സംഘം കവീനര്‍ കെ. രാജഗോപാലന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കലാപരിപാടികളും കരിമരുന്ന് പ്രയോഗവും അരങ്ങേറി.